കൊച്ചിയിൽ സിനഗോഗിന് സമീപം തീയിട്ട സംഭവം; എബിൻ ബി. പോളിനെ നാല് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: എറണാകുളം കടവുംഭാഗം ജൂത സിനഗോഗിന് സമീപത്തെ സ്ഥാപനത്തിന് തീവച്ച കേസിൽ ഒന്നാം പ്രതിയായ പുത്തൻകുരിശ് സ്വദേശി എബിൻ ബി. പോളിനെ (32) നാല് ദിവസത്തെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻ.ഐ.എ പ്രത്യേക കോടതി ജഡ്ജി പി.കെ. മോഹൻദാസാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നവംബർ 27 വൈകുന്നേരം 5 മണി വരെയാണ് കസ്റ്റഡി കാലാവധി.
കഴിഞ്ഞ ഒക്ടോബർ 12-ന് പുലർച്ചെ 2.30-ഓടെയാണ് മാർക്കറ്റ് റോഡിലെ പഴയ കടവുംഭാഗം ജൂത സിനഗോഗിന് മുന്നിലുള്ള ‘കൊച്ചിൻ ബ്ലോസംസ് അക്വേറിയം നഴ്സറി’യുടെ ഗേറ്റിൽ ദ്രാവകം ഒഴിച്ച് തീയിട്ടത്. രാജ്യാന്തര ഭീകരഭീഷണിയുമായി ബന്ധപ്പെട്ട് പൊലീസ് സംരക്ഷണമുള്ള ജൂത സമൂഹാംഗം നടത്തുന്ന സ്ഥാപനമാണിത്.
പ്രതിയുടെ തീവ്രവാദ ബന്ധങ്ങൾ, സാമ്പത്തിക ഇടപാടുകൾ, എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയങ്ങൾ എന്നിവ സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനാണ് എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങിയത്. ടെലഗ്രാം ഗ്രൂപ്പുകൾ വഴി ലഭിച്ച നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നും ഇതിന് പ്രതിഫലമായി ക്രിപ്റ്റോ കറൻസി ലഭിച്ചതായും അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ യു.എ.പി.എ (UAPA) വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനും മറ്റ് ലക്ഷ്യസ്ഥാനങ്ങൾ തിരിച്ചറിയുന്നതിനുമായി പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു.
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support


