Kerala

‘മോന്റെ നേതാക്കൾ മുഖ്യമന്ത്രിമാരായപ്പോഴും ഞങ്ങൾ പലവട്ടം പോയി കണ്ടിട്ടുണ്ട് കേട്ടോ’; ശിവപ്രസാദിന് കെ.പി ശശികലയുടെ മറുപടി

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കൾ മുഖ്യമന്ത്രി വി.ഡി സതീശനെ സന്ദർശിച്ചതിനെ വിമർശിച്ച എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിന് മറുപടിയുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. “മോന്റെ നേതാക്കൾ മുഖ്യമന്ത്രിമാരാകുമ്പോഴും ഞങ്ങൾ പലവട്ടം പോയി കണ്ടിട്ടുണ്ട് ട്ടോ” എന്നാണ് ശശികല ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്.

​ബംഗാളിലും ത്രിപുരയിലും ഒക്കെ കൊടുത്ത മരുന്ന് ഇവിടെയും കൃത്യമായി കിട്ടുമെന്നും, അതോടെ ശിവപ്രസാദിന്റെ അസുഖം പൂർണ്ണമായും മാറുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ ശശികല കുറിച്ചു.

​”മോനേ ശിവകുമാരാ, മോന്റെ അസുഖം ഞങ്ങൾക്ക് പിടികിട്ടി. മദനിയെ കാത്ത് മോന്റെ അപ്പൂപ്പന്മാർ വേദിയിൽ തൊഴുതിരുന്നപ്പോൾ മോന് ഈ ഏനക്കേട് ഉണ്ടായിരുന്നില്ല. മദനിയുടെ ഫ്ലക്സ് സഖാക്കളുടെ തലയിൽ കയറ്റി വെച്ചപ്പോഴും മോന് വിഷമം ഉണ്ടായിരുന്നില്ല. മോനുള്ള മരുന്ന് ഈ സമൂഹം തരും. ഇത്തിരി വൈകിയാലും തരും. മോന്റെ നേതാക്കൾ മുഖ്യമന്ത്രിമാരാകുമ്പോഴും ഞങ്ങൾ പലവട്ടം പോയി കണ്ടിട്ടുണ്ട് ട്ടോ,” എന്നും ശശികല ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

​വർഗീയത പറയുന്നവർക്ക് പരവതാനി വിരിക്കില്ലെന്ന് പറഞ്ഞ അതേ വി.ഡി സതീശൻ ഇന്ന് കേരളത്തെ വിഴുങ്ങാൻ കാത്തിരിക്കുന്ന വർഗീയ വിഷങ്ങളെ ക്ഷണിച്ച് ഒപ്പം ചേർത്തുനിർത്തി പാലൂട്ടുകയാണെന്നായിരുന്നു എം. ശിവപ്രസാദിന്റെ വിമർശനം. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് സന്ദർശനാനുമതി നിഷേധിച്ച അഭിനവ കേരള മതേതരവാദിക്ക് കയ്യടിച്ച ലീഗുകാരും കോൺഗ്രസുകാരും നാളെ മൗനദിനമായി ആചരിക്കുമെന്നും ശിവപ്രസാദ് പരിഹസിച്ചിരുന്നു.

​കഴിഞ്ഞ ദിവസമാണ് കെ.പി ശശികലയുടെയും ആർ.വി ബാബുവിന്റെയും നേതൃത്വത്തിലുള്ള ഹിന്ദു ഐക്യവേദി പ്രതിനിധിസംഘം മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടത്. ഹിന്ദു നേതൃസമ്മേളനത്തിൽ ഉയർന്ന ആവശ്യങ്ങളടങ്ങിയ നിവേദനം നേതാക്കൾ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. തങ്ങൾ ഉന്നയിച്ച ബഹുഭൂരിപക്ഷം ആവശ്യങ്ങളോടും വളരെ അനുഭാവപൂർണമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ആർ.വി ബാബു വ്യക്തമാക്കിയിരുന്നു.

See also  അതിതീവ്ര മഴ തുടരുന്നു; മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Related Articles

Back to top button