Kerala

ക്ലാസിൽ ശ്രദ്ധിച്ചില്ലെന്ന് ആരോപണം; മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകൻ അറസ്റ്റിൽ: സസ്പെൻഷൻ

മലപ്പുറം: ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്നും നോട്ട് എഴുതിയെടുക്കാൻ വൈകിയെന്നും ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ചൂരൽകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങൽ എം.എസ്.എം.എച്ച്.എസ്.എസിലെ അധ്യാപകനും വടകര സ്വദേശിയുമായ ബൽരാജിനെയാണ് കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

​കല്ലിങ്ങൽ വല്ലകത്ത് സുരേഷ് ബാബുവിന്റെ മകൾ ശ്രിയയ്ക്കാണ് (10) അധ്യാപകന്റെ ക്രൂര മർദനമേറ്റത്. കുട്ടിയുടെ വലതു കൈപ്പത്തിയിലെ എല്ലിന് പൊട്ടലുണ്ട്. പനി ബാധിച്ച് മൂന്ന് ദിവസം അവധിയിലായിരുന്ന കുട്ടി സ്കൂളിലെത്തിയ ശേഷം സഹപാഠിയുടെ ബുക്ക് നോക്കി മുൻ ദിവസങ്ങളിലെ പാഠഭാഗങ്ങൾ എഴുതിയെടുക്കുകയായിരുന്നു. ഇതിനിടെ പിന്നിലൂടെ എത്തിയ അധ്യാപകൻ കുട്ടിയെ ചൂരൽ ഉപയോഗിച്ച് ക്രൂരമായി അടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

​അടിയേറ്റ് കയ്യിൽ നീരുവന്ന് കുട്ടി കരഞ്ഞിട്ടും സ്കൂൾ അധികൃതർ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ തയാറായില്ലെന്നും ആക്ഷേപമുണ്ട്. പിന്നീട് അധ്യാപകർ തന്നെ കുട്ടിയെ വീട്ടിൽ എത്തിക്കുകയായിരുന്നു. വീട്ടുകാരാണ് കുട്ടിയെ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിലാണ് കയ്യിലെ എല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്.

രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇതേ അധ്യാപകനിൽ നിന്ന് മുൻപും സമാനമായ രീതിയിൽ കുട്ടികൾക്ക് മർദനമേറ്റിട്ടുണ്ടെന്ന് സഹപാഠികൾ വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ചൈൽഡ് ലൈനും പോലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

See also  മുതലപ്പൊഴി അപകടങ്ങൾ: നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Related Articles

Back to top button