Kerala

അടൂരിൽ യുവതിയുടെ മരണം: കൊലപാതകമെന്ന് കുടുംബം; സുഹൃത്ത് കസ്റ്റഡിയിൽ

പത്തനംതിട്ട: അടൂർ കോട്ടമുകളിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. അടൂർ കണ്ണങ്കോട് കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന (31) യെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ സ്റ്റെയർകേസിന്റെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന ഷെഹനയുടെ ആൺസുഹൃത്തായ ഏഴംകുളം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

​ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം നടന്നത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷെഹന ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. കുളനടയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയാണ്.

​ഷെഹനയുടെ വീട്ടിൽ നിന്ന് ബഹളം കേട്ട് അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വാർഡ് കൗൺസിലർ സ്ഥലത്തെത്തി വാതിൽ തുറപ്പിച്ചപ്പോഴാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഈ സമയം വീട്ടിലുണ്ടായിരുന്ന സുഹൃത്തിന്റെ ശരീരത്തിൽ പരിക്കുകളും രക്തക്കറയുമുണ്ടായിരുന്നു. കൂടാതെ വീടിന്റെ തറയിലും കോണിപ്പടികളിലും രക്തം വീണ നിലയിലായിരുന്നു.

​തന്റെ മകൾ ഒരിക്കലും ജീവനൊടുക്കില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ഷെഹനയുടെ അമ്മയും കുടുംബവും ആരോപിക്കുന്നത്. സംഭവസ്ഥലത്ത് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. വീട്ടിൽ വഴക്ക് നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള യുവാവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

See also  എറണാകുളത്ത് 12 വയസുകാരനെ ക്രൂരമായി മർദിച്ച സംഭവം; അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

Related Articles

Back to top button