Kerala

വിഴിഞ്ഞത്ത് 16,744 കോടിയുടെ നിക്ഷേപം വരുമെന്ന് അദാനി; കൊളംബോയിലെ ബിസിനസ് വിഴിഞ്ഞത്തേക്ക് മാറ്റും

തിരുവനന്തപുരം: ആഗോള കപ്പൽ കമ്പനിയായ എം.എസ്.സി (MSC)-യുമായുള്ള ഓഹരിയിടപാട് പൂർത്തിയാകുന്നതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് 16,744 കോടി രൂപയുടെ (1.75 ബില്യൺ ഡോളർ) വൻ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന് ഉറപ്പ് നൽകി. നിലവിൽ വിഴിഞ്ഞം തുറമുഖത്തിനുള്ള 16 ലക്ഷം (1.6 മില്യൺ) കണ്ടെയ്‌നർ വാർഷിക ശേഷി, ഈ പുതിയ നിക്ഷേപത്തിലൂടെ 57 ലക്ഷമായി (5.7 മില്യൺ) വർദ്ധിപ്പിക്കുമെന്നും അദാനി വ്യക്തമാക്കുന്നു.

​ഇടപാട് യാഥാർത്ഥ്യമാകുന്നതോടെ, എം.എസ്.സിയുടെ നിലവിലെ ട്രാൻസ്ഷിപ്പ്മെന്റ് ബിസിനസിന്റെ വലിയൊരു പങ്ക് ശ്രീലങ്കയിലെ കൊളംബോയിൽ നിന്ന് വിഴിഞ്ഞത്തേക്ക് മാറ്റും. കൂടാതെ കിഴക്കനാഫ്രിക്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കാർഗോയും വിഴിഞ്ഞത്ത് എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

ഇടപാടിന്റെ വിശദാംശങ്ങൾ:

അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരികളാണ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ (MSC) ടെർമിനൽ പ്രവർത്തന വിഭാഗമായ ‘ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ’ അനുബന്ധ സ്ഥാപനമായ ‘മുണ്ടി ലിമിറ്റഡ്’ ഏറ്റെടുക്കുന്നത്. ചെന്നൈയിലെ എന്നൂർ, ഗുജറാത്തിലെ മുന്ദ്ര തുറമുഖങ്ങളിൽ നടപ്പാക്കിയ വിജയകരമായ മാതൃകയിലായിരിക്കും വിഴിഞ്ഞത്തെയും നിക്ഷേപം. ശേഷിക്കുന്ന 51 ശതമാനം ഓഹരികൾ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് തന്നെ നിലനിർത്തും. ഓഹരി കൈമാറ്റം നടന്നാലും തുറമുഖം എല്ലാവർക്കും ഒരേപോലെ ഉപയോഗിക്കാവുന്ന ‘കോമൺ യൂസർ ടെർമിനലായി’ തന്നെ പ്രവർത്തിക്കും. എം.എസ്.സിക്കോ മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കോ തുറമുഖത്ത് പ്രത്യേകാവകാശങ്ങൾ ഒന്നും ഉണ്ടായിരിക്കില്ല.

സർക്കാർ തലത്തിലുള്ള പരിശോധന:

അദാനി ഗ്രൂപ്പ് നൽകിയ ഈ അപേക്ഷയുടെ ഗുണദോഷങ്ങൾ പഠിച്ച് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ദേശീയ സുരക്ഷ, പൊതുതാത്പര്യം, സുതാര്യമായ മത്സരം, നിക്ഷേപ പ്രോത്സാഹനം എന്നിവയും, ദീർഘകാലാടിസ്ഥാനത്തിൽ വിഴിഞ്ഞത്തെ ഒരു ആഗോള മാരിടൈം കവാടമായി വികസിപ്പിക്കാനുള്ള സാധ്യതകളും മുൻനിർത്തിയായിരിക്കും അദാനിയുടെ അപേക്ഷ പരിശോധിക്കുകയെന്ന് തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. കേൽക്കർ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഈ ഓഹരികൾ മറ്റ് ആർക്കും കൈമാറില്ലെന്നും അദാനി ഗ്രൂപ്പ് ഉറപ്പുനൽകിയിട്ടുണ്ട്.

See also  കേരളത്തിൽ കോൺഗ്രസിന് 100 ശതമാനം വിജയമുറപ്പെന്ന് ഖാർഗെ; അതൃപ്തി വ്യക്തമാക്കി കെ സുധാകരൻ

Related Articles

Back to top button