ബിജെപിയിൽ ചേരിപ്പോര് രൂക്ഷം; കേന്ദ്രം സൗജന്യമായി നൽകിയ കൊടി വൻതുകയ്ക്ക് വിറ്റതായി ആരോപണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് കേരള ബിജെപിയിൽ ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ പാർട്ടിയെ വൻ പ്രതിസന്ധിയിലാക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം സൗജന്യമായി നൽകിയ പാർട്ടി പതാകകൾ സംസ്ഥാനത്തെ ഒരു മുതിർന്ന നേതാവ് വൻ തുകയ്ക്ക് വിറ്റഴിച്ചതായാണ് പുതിയ വെളിപ്പെടുത്തൽ. കൂടാതെ, തിരഞ്ഞെടുപ്പ് സാമഗ്രികൾ വാങ്ങിയതുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് 31 ലക്ഷം രൂപയുടെ കമ്മീഷൻ കൈപ്പറ്റിയെന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
പതാകകൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഭക്ഷ്യോത്പന്ന വിതരണ ഏജൻസിയുടെ പേരിൽ ലക്ഷക്കണക്കിന് രൂപയുടെ വ്യാജ ബില്ലുകൾ ചമച്ചതായും ആക്ഷേപമുണ്ട്. 12 കോടിയോളം രൂപയുടെ തിരഞ്ഞെടുപ്പ് ഫണ്ടിന് കൃത്യമായ കണക്കില്ലെന്ന ഓഡിറ്റ് റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പുതിയ വിവാദങ്ങൾ കൂടി പുറത്തുവരുന്നത്.
എന്നാൽ, ഈ വൻ സാമ്പത്തിക തട്ടിപ്പുകളെല്ലാം സംസ്ഥാന നേതൃത്വം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്ന് വി. മുരളീധരൻ പക്ഷം ആരോപിക്കുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് പകരം നേതൃത്വം വിവരം മൂടിവെക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം. ഫണ്ട് തിരിമറി സംബന്ധിച്ച ആഭ്യന്തര തർക്കങ്ങൾ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് വീണ്ടും രൂക്ഷമാക്കിയിരിക്കുകയാണ്.
കൊടി തയ്യാറാക്കിയതിൻറെ മുഴുവൻ തുകയും പാർട്ടി നൽകും മുമ്പ് 31 ലക്ഷം പാർട്ടിനേതാവിന് നൽകിയെന്നാണ് ശബ്ദരേഖ. ധാരണപ്രകാരം കിട്ടാനുള്ള 4.65 ലക്ഷം രൂപ ലഭിക്കാൻ വിളിക്കുമ്പോൾ ആരും ഫോൺ എടുക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നു. കരമനയിലെ റോഡ് ഷോക്കിടെ പ്രധാനമന്ത്രിയുടെ ഫ്ലെക്സ് വെച്ചതിൽ കമ്മീഷൻ അടിച്ച രീതി സൂചിപ്പിച്ചുള്ള മറ്റൊരു ശബ്ദരേഖയും പുറത്തുവന്നിരുന്നു.
പാർട്ടി നിയോഗിച്ച ട്രഷറർ തന്നെയാണ് ആദ്യം തിരിമറി കണ്ടെത്തി ദേശീയനേതൃത്വത്തെ അറിയിച്ചത്. പിന്നാലെ ഉത്തരവാദികളായ സംസ്ഥാന സെക്രട്ടറിയെയും തിരുവനന്തപുരത്തെ രണ്ട് നേതാക്കളെയും ചുമതലയിൽ നിന്ന് മാറ്റിനിർത്തി. ഇക്കാര്യം പക്ഷേ നേതൃത്വം ഔദ്യോഗികമായി പുറത്തുവിട്ടില്ല. ഇതിന് പിന്നാലെയാണ് വ്യാപകതട്ടിപ്പിൻറെ വിവരങ്ങൾ കൂടുതലായി പുറത്തുവരുന്നത്. നേതൃത്വം എല്ലാം മൂടിവെക്കുന്നുവെന്നാണ് മുരളീധര പക്ഷത്തിൻറെ ആക്ഷേപം. പക്ഷേ പുറത്ത് ഇക്കാര്യങ്ങൾ പറയാൻ ആരും തയ്യാറല്ല. കോർകമ്മിറ്റി ചേരുമ്പോൾ ശക്തമായി ഉന്നയിക്കാനാണ് നീക്കം. അതേ സമയം വിദേശത്തുള്ള സംസ്ഥാന പ്രസിഡണ്ട് തിരിച്ചെത്തുന്നത് 18നാണ്. അതിന് ശേഷം ശക്തമായ നടപടി ഉണ്ടാകുമെന്നാണ് ഔദ്യോഗിക വിഭാഗം വിശദീകരിക്കുന്നത്. മൂന്ന് സീറ്റ് നേടിയ നേട്ടങ്ങളുടെ ശോഭ കെടുത്തും വിധമുള്ള ഫണ്ട് വിവാദത്തിൽ കേനദ്രനേതൃത്വത്തിനും ആർഎസ്എസിനും കടുത്ത അതൃപ്തിയാണ്.



