സംസ്ഥാന വഖഫ് ബോർഡിന്റെ ചുമതല ഫിഷറീസ് ജോയിന്റ് സെക്രട്ടറി മദീന ബീഗത്തിന്; ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് സർക്കാർ നടപടി

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി മദീന ബീഗത്തിന് നൽകി സർക്കാർ ഉത്തരവിറക്കി. സെക്രട്ടറിയേറ്റിലെ വഖഫ് വകുപ്പിന്റെ അധിക ചുമതല കൂടി നൽകിയാണ് ഈ പുതിയ നിയമനം.
സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതി താൽക്കാലിക നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ. വഖഫ് ഭേദഗതി നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിക്കാതെയാണ് നിലവിലെ ബോർഡ് രൂപീകരിച്ചതെന്ന ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതി നിർദേശപ്രകാരം ബോർഡിന്റെ പ്രവർത്തനങ്ങൾ ഇനിമുതൽ സർക്കാർ പ്രതിനിധിയായ ജോയിന്റ് സെക്രട്ടറിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും.
ഹൈക്കോടതിയിലെ ഹർജികളിലുള്ള അന്തിമ തീരുമാനവും വഖഫ് ബോർഡിന്റെ പുനഃസംഘടനയും പൂർത്തിയാകുന്നത് വരെ മദീന ബീഗത്തിന് നൽകിയിട്ടുള്ള ഈ താൽക്കാലിക ചുമതല തുടരുമെന്നാണ് വിവരം. നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ബോർഡിന് ഇനിമുതൽ നയപരമായ തീരുമാനങ്ങളോ വലിയ സാമ്പത്തിക ഇടപാടുകളോ നടത്താൻ സാധിക്കില്ല.



