Kerala

പൊള്ളലേറ്റ ഒരാൾ മരിച്ചു; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം വെമ്പായത്തെ ശ്രീവത്സം ബാറിലുണ്ടായ സംഘർഷത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരണപ്പെട്ടു. നന്നാട്ടുകാവ് സ്വദേശിയായ നവാസ് ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

​ഞായറാഴ്ച രാത്രി 9 മണിയോടെ ബാറിലെ എസി മുറിയിൽ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് വലിയ അക്രമത്തിൽ കലാശിച്ചത്. മദ്യപാനത്തിനിടയിൽ നവാസ് പ്രതിയായ അനീഷിന്റെ മുഖത്തടിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. ഇതേത്തുടർന്ന് പുറത്തുപോയി കന്നാസിൽ പെട്രോളുമായി തിരിച്ചെത്തിയ അനീഷ്, അവിടെയുണ്ടായിരുന്നവരുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

​അക്രമത്തിൽ പ്രതിയടക്കം ആറ് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. മദ്യലഹരിയിലായിരുന്ന പ്രതി പെട്രോൾ ഒഴിക്കുന്നതിനിടെ തെന്നിവീണതിനാൽ ഇയാളുടെ ശരീരത്തിലേക്കും തീ പടരുകയായിരുന്നു. 50 ശതമാനത്തിലധികം പൊള്ളലേറ്റ പ്രതി അനീഷിന്റെ ആരോഗ്യനില നിലവിൽ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ അനീഷിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

See also  മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം, പരുക്കേറ്റവർക്ക് 50,000; സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി

Related Articles

Back to top button