വിൽപ്പന കുറഞ്ഞിട്ടും വില കുറയ്ക്കാനാവാതെ കമ്പനികൾ

ബീജിങ്: വിപണിയിൽ വിൽപന മന്ദഗതിയിലാവുകയും ഡിമാൻഡ് കുറയുകയും ചെയ്തിട്ടും വാഹനങ്ങളുടെ വില വൻതോതിൽ വെട്ടിക്കുറച്ചുള്ള ‘വിലയുദ്ധം’ (Price War) തുടരാനാവാതെ ചൈനീസ് കാർ നിർമാതാക്കൾ പ്രതിസന്ധിയിൽ. അസംസ്കൃത വസ്തുക്കളുടെ വിലവർധനവ് മൂലം കമ്പനികളുടെ ലാഭവിഹിതം (Profit Margin) വൻതോതിൽ ഇടിഞ്ഞതാണ് ഉപഭോക്താക്കൾക്ക് കൂടുതൽ ഓഫറുകൾ നൽകുന്നതിന് തടസ്സമാകുന്നത്.
ചൈന അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (CAAM) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 1,00,000 യുവാൻ (ഏകദേശം 11.7 ലക്ഷം രൂപ) വിലയുള്ള ഒരു കാർ വിൽക്കുമ്പോൾ നിർമാതാക്കൾക്ക് ലഭിക്കുന്ന അറ്റാദായം വെറും 1,500 യുവാന്നായി (ഏകദേശം 17,500 രൂപ) ചുരുങ്ങി. അതായത് ലാഭവിഹിതം വെറും 1.5 ശതമാനത്തിലേക്ക് ഇടിഞ്ഞു.
ഇലക്ട്രിക്, ഇന്ധന വാഹനങ്ങൾക്ക് ചൈനീസ് സർക്കാർ നൽകിയിരുന്ന സബ്‌സിഡികളും നികുതി ഇളവുകളും പിൻവലിച്ചതും തിരിച്ചടിയായി. വിപണിയിലെ കടുത്ത മത്സരത്തെ അതിജീവിക്കാനും കെട്ടിക്കിടക്കുന്ന സ്റ്റോക്കുകൾ വിറ്റഴിക്കാനും കാർ കമ്പനികൾ വില കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, അതിനുള്ള സാമ്പത്തിക ശേഷി ഇനി കമ്പനികൾക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. പ്രതിസന്ധി നീളുകയാണെങ്കിൽ ചെറിയ കാർ നിർമാണ കമ്പനികൾ പലതും പൂട്ടിപ്പോകേണ്ടി വരുമെന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തൽ.



