പ്രളയംകൊണ്ട് ഒന്നും പഠിച്ചില്ലെന്ന് എംഎൽഎ പഴകുളം മധു

പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്ന് റാന്നി ടൗണ്‍ ഒറ്റപ്പെട്ടു. പമ്പയില്‍ അതിവേഗം ജലനിരപ്പ് ഉയരുകയാണ്. റാന്നി വടശ്ശേരിക്കര റോഡ് മുങ്ങി. ടൗണിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. മേഖലയിലാകെ വൈദ്യുതി വിച്ഛേദിച്ചു. വീടിന്റെ മുകള്‍ നിലയിലും മറ്റും അഭയം പ്രാപിച്ചവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്.
വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിലാണെന്ന് പഴകുളം മധു MLA വ്യകത്മാക്കി. 2018ലെ പ്രളയത്തിന് സമാനമായ സാഹചര്യം. പമ്പയാറിലെ മണലും ചെളിയും നീക്കം ചെയ്യണം. പ്രളയംകൊണ്ട് ഒന്നും പഠിച്ചില്ല. അനധികൃത മണ്ണ് ഖനനം നിരോധിക്കണം. ഡാമുകളിലെ ചെളി നീക്കം ചെയ്യണം. മുഖ്യമന്ത്രി കൃത്യമായി ഇടപെടുന്നുണ്ട്. കുട്ടവഞ്ചി എത്തിക്കുമെന്നും എംഎൽഎ പറഞ്ഞു. റാന്നി ടൗണിലെ പല ഭാഗങ്ങളും അരപ്പൊക്കത്തില്‍ വെള്ളത്തിനടിയിലായി.
ഒറ്റരാത്രി കൊണ്ടാണ് റാന്നിയിലെ സ്ഥിതി ആകെ മാറിമറിഞ്ഞത്. വെള്ളം ഇനിയും ഉയര്‍ന്നേക്കാമെന്ന് പ്രദേശത്തെ വ്യാപാരികള്‍ ഉള്‍പ്പെടെ ആശങ്കപ്പെടുന്നു. ‘ഞങ്ങളുടെ വീടിന് സമീപം ഇപ്പോള്‍ വെള്ളം അല്പം ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ടൗണില്‍ വെള്ളം വീണ്ടും ഒന്നര അടിയോളം ഉയരാനാണ് സാധ്യത. അതിനുശേഷമേ ജലനിരപ്പ് താഴാന്‍ തുടങ്ങൂ. ഇത് ഒട്ടും പ്രതീക്ഷിച്ചതല്ല.
പുലര്‍ച്ചെ 1:30ഓടെയാണ് സാഹചര്യം ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞത്’ -പ്രദേശവാസി പ്രതികരിച്ചു. അരമണിക്കൂര്‍ കൊണ്ട് എല്ലായിടത്തും വെള്ളം കയറിയെന്നും 2018ലെ പ്രളയത്തിന് സമാന അവസ്ഥയാണെന്നും മറ്റൊരാൾ പറഞ്ഞു. ടൗണിലെ കടകളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. പല വീടുകളിലും ആളുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആളുകളെ ഡിങ്കി ബോട്ടുകളിലാണ് മാറ്റിയത്. കൂടുതൽ ഡിങ്കി ബോട്ടുകൾ സ്ഥലത്തേക്ക് എത്തിക്കുകയാണ്.



