Kerala

പത്തനംതിട്ടയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 1,660 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആറന്മുള ക്യാമ്പിൽ ഭക്ഷണം കിട്ടിയില്ലെന്ന പരാതിക്ക് പിന്നാലെ ഇടപെടൽ

വെള്ളപ്പൊക്കത്തെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 1,660 പേർ അഭയം തേടി. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലാണ് ഏറ്റവും കൂടുതൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. അതേസമയം, ആറന്മുളയിലെ ഒരു ദുരിതാശ്വാസ ക്യാമ്പിൽ രാവിലെ ഭക്ഷണം ലഭിച്ചില്ലെന്ന പരാതി ഉയർന്നു. തുടർന്ന് ആറന്മുള എം.എൽ.എ അബിൻ വർക്കിയുടെ ഇടപെടലിൽ ഭക്ഷണവും മറ്റ് ആവശ്യസാധനങ്ങളും എത്തിച്ചു.

വെള്ളം അതിവേഗം ഉയർന്നതോടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങിയത്. ജില്ലയിലെ ആറ് താലൂക്കുകളിൽ അഞ്ചിടങ്ങളിലായി ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലാണ് ഏറ്റവും കൂടുതൽ പേർ കഴിയുന്നത്. ക്യാമ്പുകളിലേക്ക് ആവശ്യമായ സൗകര്യങ്ങളും അടിസ്ഥാനസാധനങ്ങളും എത്തിക്കാൻ ആവശ്യമായ തുക അനുവദിച്ചിട്ടുണ്ടെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.

എന്നാൽ ആറന്മുള ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ക്യാമ്പിൽ കുട്ടികളും പ്രായമായവരും ഉൾപ്പെടെ 40-ലധികം പേർ ഉണ്ടായിരുന്നിട്ടും രാവിലെ ഭക്ഷണം ലഭിച്ചില്ലെന്നാണ് പരാതിയുയർന്നത്. ക്യാമ്പിലുള്ളവർ ഈ വിഷയം സന്ദർശനത്തിനെത്തിയ ആറന്മുള എം.എൽ.എ അബിൻ വർക്കിയുടെ ശ്രദ്ധയിൽപ്പെടുത്തി.

തുടർന്ന് എം.എൽ.എയുടെ ഇടപെടലിൽ ക്യാമ്പിലേക്ക് ഭക്ഷണം ഉടൻ എത്തിച്ചു. ആവശ്യമായ മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും നടത്തി. വെള്ളപ്പൊക്കത്തെ തുടർന്ന് താമസസ്ഥലങ്ങൾ വെള്ളത്തിനടിയിലായ അന്യസംസ്ഥാന തൊഴിലാളികളെയും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.ജില്ലയിൽ മഴയ്ക്ക് ശമനമുണ്ടായെങ്കിലും പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുന്നതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.

See also  20ാം തീയതി വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related Articles

Back to top button