ശബരിമല മില്‍മ നെയ്യ് ക്രമക്കേട്; പി എസ് പ്രശാന്തിനേയും അജികുമാറിനേയും പ്രതിചേര്‍ക്കും

ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനേയും ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനേയും പ്രതിചേര്‍ക്കും. അടുത്തിടെ അന്തരിച്ച മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനേയും കേസില്‍ പ്രതിചേര്‍ക്കും. ക്രമക്കേട് സംശയിക്കുന്ന ഇടപാടിന് നേതൃത്വം വഹിച്ചത് ഇവരെന്ന് വിലയിരുത്തല്‍. ദേവസ്വം വിജിലന്‍സ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന് പിന്നാലെയാണ് നടപടി. മൂവരും ശബരിമല സ്വര്‍ണക്കൊള്ള കേസിലും പ്രതിയാണ്.
കഴിഞ്ഞ മണ്ഡലകാലത്തെ നെയ്യ് ഇടപാടാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. മില്‍മയില്‍ നിന്ന് ഒന്നരലക്ഷത്തോളം ലിറ്റര്‍ നെയ്യ് വാങ്ങിയിരുന്നു. ഗുണനിലവാരമില്ലാത്ത നെയ്യ് വാങ്ങിയെന്നും യഥാര്‍ഥ നെയ്യ് മറിച്ചുവിറ്റ് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമാണ് ആരോപണം. ഉയര്‍ന്ന വിലയ്ക്ക് നെയ്യ് വാങ്ങിയതോടെ രണ്ട് കോടി മുപ്പത് ലക്ഷം രൂപയുടെ ദേവസ്വം ബോര്‍ഡിനുണ്ടായി എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
ശബരിമല മില്‍മ നെയ് തട്ടിപ്പില്‍ എസ്പി എം ജെ സോജനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി ഹൈക്കോടതി നിശ്ചയിച്ചിരുന്നു. ഡിവൈഎസ്പി സി എസ് ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വിജിലന്‍സ് മേധാവി കൈമാറിയ പട്ടികയില്‍ നിന്നാണ് ഹൈക്കോടതി സംഘത്തലവനെ തീരുമാനിച്ചത്. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ എ എസ് സജി ശങ്കര്‍, എസ് ശ്രീജിത്ത്, ടി ആര്‍ കിരണ്‍, ആര്‍ എസ് രതീന്ദ്രകുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്.
ശബരിമല മില്‍മ നെയ് ക്രമക്കേട് അന്വേഷിക്കാന്‍ മികച്ച ഉദ്യോഗസ്ഥര്‍ വേണമെന്ന് ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറിയത്.
ശബരിമലയിലെ മില്‍മ നെയ് ക്രമക്കേട് പ്രഥമദൃഷ്ട്യാ ഗൗരതരമെന്ന് ഹൈകോടതി ദേവസ്വം ബെഞ്ച് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. സുതാര്യമായ അന്വേഷണം വേണമെന്ന് വ്യക്തമാക്കിയ കോടതി ഇതിനായി വിജിലന്‍സ് ഡയറക്ടര്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അന്വേഷണം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്ത് പോകരുതെന്നും നിര്‍ദേശമുണ്ട്. അന്തിമ റിപ്പോര്‍ട്ട് കോടതി അനുമതിയോടെ സമര്‍പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടല്‍. ശബരിമലയിലേക്ക് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ വിതരണം ചെയ്ത് നെയ്യ് മറിച്ചുവിറ്റെന്നാണ് കേസ്.



