Kerala

ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

മാവേലി സ്റ്റോറിൽ അരി തീർന്നു. ആലപ്പുഴ തലവടിയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രതിസന്ധി. പുതിയ സ്റ്റോക്കിനായി രാവിലെ എട്ടു മണി മുതൽ കാത്തിരിപ്പ്. ക്യാമ്പിൽ പോകാനാവാത്തവർ ഒരുമിച്ച് ഭക്ഷണം വെയ്ക്കുന്ന കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളിലും പ്രതിസന്ധി. ചങ്ങനാശേരി ടൗൺ എൽപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിതബാധിതർക്ക് വേണ്ടത്ര ഭക്ഷണം ലഭ്യമാക്കിയില്ലെന്നും പരാതി ഉയർന്നിരുന്നു. എന്നാൽ അധികൃതർ പരാതി നിസാരവത്കരിച്ചതോടെ ക്യാമ്പിൽ ഭക്ഷണവിതരണത്തെച്ചൊല്ലി പ്രതിഷേധവും വാഗ്വാദവുമുണ്ടായി.

പായിപ്പാട് പഞ്ചായത്ത് ഒന്നാം വാർഡ് പൂവം പ്രദേശത്തുനിന്ന് ക്യാമ്പിലെത്തിയ അന്തേവാസികൾക്ക് കൃത്യസമയത്ത് ഭക്ഷണം നൽകിയില്ലെന്ന ആരോപണമാണ് ഉയർന്നത്. എന്നാൽ സംഭവം ബോധപൂർവ്വം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന വാദവുമായി എംഎൽഎ അടക്കമുള്ള അധികൃതരും രംഗത്തെത്തിയതോടെ ക്യാമ്പ് തർക്കവേദിയായി മാറി. ദുരിതാശ്വാസ ക്യാമ്പുകളിലെ ഭക്ഷണവിതരണത്തിലും അടിസ്ഥാന സൗകര്യങ്ങളിലുമുണ്ടായ വീഴ്‌ചകൾക്കെതിരെ ചങ്ങനാശ്ശേരി ടൗൺ എൽപി സ്‌കൂളിൽ വലിയ പ്രതിഷേധമാണുണ്ടായത്. ഉച്ചയ്ക്ക് 2:30 കഴിഞ്ഞിട്ടും ക്യാമ്പിലുള്ളവർക്ക് ഭക്ഷണം ലഭിച്ചില്ലെന്ന് ആരോപിച്ച് പൊതുപ്രവർത്തകരും പ്രാദേശിക നേതാക്കളും രംഗത്തെത്തി.

നഗരസഭയുടെ അനാസ്ഥ മൂലം ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ എത്തുന്നില്ലെന്നും പ്രതിഷേധിക്കുന്നവരെ വില്ലേജ് ഓഫീസറും മറ്റ് അധികൃതരും ചേർന്ന് രാഷ്ട്രീയപ്രേരിതമായി ചിത്രീകരിക്കുകയാണെന്നും ഇവർ ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ പൂർണമായും തള്ളിക്കളയുകയാണ് എംഎൽഎയും വില്ലേജ് ഓഫീസറും. പ്രതിഷേധിച്ചവർ ക്യാമ്പിലുള്ളവർ അല്ലെന്നാണ് നഗരസഭ ചെയർമാൻ്റെ വാദം. സമയബന്ധിതമായി ഭക്ഷണം എത്തിക്കാൻ തൊട്ടടുത്ത സ്‌കൂളിലെ ക്യാമ്പിൽ നിന്ന് 1:30 ഓടെ തന്നെ ഇവിടെയുള്ളവർക്കായി ഉച്ച ഭക്ഷണം എത്തിച്ചുവെന്ന് വിനു ജോബ് എംഎൽഎ യും നഗരസഭ ചെയർമാൻ ജോമി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

See also  സേനയുടെ സംശുദ്ധി നിലനിർത്താൻ കഴിയാത്ത ആരും കേരളാ പോലീസിൽ വേണ്ടെന്ന് മുഖ്യമന്ത്രി

Related Articles

Back to top button