പിണറായി വിജയന്റെ പരാമർശത്തിൽ കടുത്ത അതൃപ്തി; ഏതറ്റം വരെയും പോകാനുറച്ച് സിപിഐ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിക്കായി ഏതറ്റം വരെ പോകാനും സിപിഐ നേതൃതലത്തിൽ ധാരണ. എൽഡിഎഫ് പരിപാടികളിൽ നിന്നടക്കം വിട്ടു നിൽക്കാനുള്ള ആലോചനയിലാണ് സിപിഐ നേതൃത്വം. പാർട്ടിയുടെ അഭിമാനം നഷ്ടപ്പെടുത്തി മുന്നണിയെന്ന നിലയിൽ പോകേണ്ടന്നാണ് നേതൃതലത്തിൽ ഉണ്ടായിരിക്കുന്ന ധാരണ. പിണറായി വിജയൻ്റെ ശൈലി അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് സിപിഐ നേതൃത്വത്തിലെ ഒരുവിഭാഗം. പിണറായി ശൈലിയുടെ ഇര സിപിഐഎം മാത്രമല്ല സിപിഐ കൂടിയാണെന്നാണ് ഈ നേതാക്കളുടെ അഭിപ്രായം. വലിയ പരാജയം സംഭവിച്ചിട്ടും പിണറായിയുടെ ശൈലിയിൽ മാറ്റില്ലെന്നതിന് ഉദാഹരണമാണ് പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.
വിഷയത്തിൽ സിപിഐ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങൾ നേതൃയോഗം ചേർന്ന് എടക്കാനാണ് സിപിഐയിൽ ധാരണയായിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച പ്രകാരം അടുത്തമാസം പത്തിനാണ് ഇനി സംസ്ഥാന സെക്രട്ടറിയേറ്റ്. ഓണവും ഡൽഹി സമരവും കണക്കിലെടുത്താണ് തീയതി നിശ്ചയിച്ചത്. എന്നാ? നിലവിലെ സാഹചര്യം പരിഗണിച്ച് യോഗം പത്തിന് മുമ്പേ ചേരാനും ആലോചനയുണ്ട്.
പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ രംഗത്ത് വന്നിരുന്നു. സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ലെന്നും പിണറായി അങ്ങനെ പറയുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. പദവി സിപിഐഎമ്മിനാണെന്ന് പിണറായി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കുന്നതല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. തർക്ക വിഷയങ്ങൾ തീർക്കേണ്ടത് ഉഭയ കക്ഷി ചർച്ചയിലൂടെയാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.



