Kerala

ബിജെപിക്ക് ഭരണം നഷ്ടപ്പെട്ട നാരങ്ങാനം പഞ്ചായത്തില്‍ എല്‍ഡിഎഫ് പിന്തുണയോടെ യുഡിഎഫ് അധികാരത്തില്‍

പത്തനംതിട്ട: അവിശ്വാസപ്രമേയത്തെ തുടര്‍ന്ന് ബിജെപിക്ക് ഭരണം നഷ്ടപ്പെട്ട പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തില്‍ യുഡിഎഫ് അധികാരത്തില്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സിപിഐഎം പിന്തുണയ്ക്കുകയായിരുന്നു.

ആകെ പതിനാല് അംഗങ്ങളുള്ള പഞ്ചായത്തില്‍ ബിജെപിക്കും യുഡിഎഫിനും ആറ് അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് രണ്ട് അംഗങ്ങളും. ടോസിലൂടെയായിരുന്നു ബിജെപിക്ക് പഞ്ചായത്ത് ഭരണം ലഭിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറാം തീയതി ബിജെപി പ്രസിഡന്റ് വി വി പ്രസാദിന് എതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. എല്‍ഡിഎഫ് അംഗങ്ങള്‍ ഇതിനെ പിന്തുണച്ചു. ഇതോടെ ബിജെപിക്ക് ഭരണം നഷ്ടമായി. പഞ്ചായത്ത് ഭരണസമിതിക്ക് എതിരായ പൊതു വികാരമാണ് അവിശ്വാസ പ്രമേയത്തില്‍ പ്രതിഫലിച്ചതെന്നായിരുന്നു ബിജെപി ഭരണം വീണതിന് പിന്നാലെ കോണ്‍ഗ്രസ് പ്രതികരിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വജന പക്ഷപാദവാദത്തിനെതിരായ വിധിയെഴുത്താണിതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.

ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡന്റിനെ താഴെയിറക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നു. ഇതിനായി അവിശ്വാസ പ്രമേയം കൊണ്ടുവരികയും ചെയ്തു. എന്നാല്‍ സിപിഐഎമ്മും കോണ്‍ഗ്രസ് അംഗങ്ങളും വിട്ടുനിന്നതോടെ ക്വാറം തികയാതെ വരികയും അവിശ്വാസ പ്രമേയം പരാജയപ്പെടുകയുമായിരുന്നു

See also  സിദ്ധിഖിന്റെ ജാമ്യാപേക്ഷ ഇന്ന്

Related Articles

Back to top button