Kerala

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു

തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന് മുന്നോടിയായി അരവണ നിർമാണ പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. മണ്ഡല, മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായുള്ള അവലോകന യോഗത്തിലാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ ഇക്കാര്യം അറിയിച്ചത്.

പ്രതിദിനം മൂന്നേകാൽ ലക്ഷം ടിൻ അരവണ ഉത്പാദിപ്പിക്കും. സീസൺ ആരംഭിക്കുമ്പോൾ 70 ലക്ഷം ടിൻ അരവണ സ്റ്റോക്ക് ഉണ്ടാകും. അപ്പം പായ്ക്ക് ചെയ്യുന്നതിന് യന്ത്രവത്കൃത സംവിധാനം ഏർപ്പെടുത്തും. തീർഥാടനത്തിനിടെ ജീവൻ നഷ്ടമാകുന്ന ഭക്തരുടെ കുടുംബങ്ങൾക്കായി എൽഐസിയുമായി ചേർന്ന് രണ്ടു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് ഏർപ്പെടുത്തുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

മുറി ബുക്ക് ചെയ്യുന്നതുൾപ്പെടെ തീർഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഡിജിറ്റലാക്കും. വാടകയ്ക്ക് നൽകുന്ന മുറികളിൽ ഹൗസ് കീപ്പിങ് സൗകര്യം ഏർപ്പെടുത്തും. ശുചിത്വ മിഷനുമായി സഹകരിച്ചു ഭക്ഷ്യ വസ്തുക്കൾ സംസ്‌കരിക്കാൻ പ്ലാന്‍റ് സ്ഥാപിക്കും. 600 പുതിയ ബയോ ടോയ്‌‌ലറ്റുകൾ സ്ഥാപിക്കും. നിലയ്ക്കലിൽ പന്തൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും.

മൂന്നു കോടി രൂപ മുടക്കി ശബരിമലയിൽ വിവിധയിടങ്ങളിൽ എഐ ക്യാമറകൾ സ്ഥാപിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. സീസണിൽ 22 എമർജൻസി ഹെൽത്ത് സെന്‍ററുകൾ പ്രവർത്തിക്കും. സീതത്തോടിൽ പുതിയ പ്ലാന്‍റ് നിലവിൽവന്നതോടെ ശബരിമലയിൽ കുടിവെള്ളത്തിനായി ഇനി ടാങ്കർ ലോറിയെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് ജല അഥോറിറ്റി അറിയിച്ചു. 300 അധിക ട്രെയ്‌ൻ സർവീസുകൾ നടത്തുമെന്ന് റെയ്‌ൽവേ അറിയിച്ചു. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് അവസാനിപ്പിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ പ്രചാരണം നടത്താനും അവലോകന യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

See also  ആൾക്കൂട്ടവുമില്ല, കാവലുമില്ല; വെറും സ്റ്റീൽ ബെഞ്ചിൽ ഇരിക്കുന്ന പിണറായി വിജയൻ

Related Articles

Back to top button