വിചാരണ നടപടികൾ അടച്ചിട്ട മുറിയിൽ വേണം; ഹർജിയുമായി പ്രതിഭാഗം കോടതിയിൽ

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിലെ വിചാരണ നടപടികൾ അടച്ചിട്ട മുറിയിൽ (ഇൻ ക്യാമറ) നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതിഭാഗം ഇതുസംബന്ധിച്ച് ഹർജി നൽകിയത്.
അഭിമന്യുവിന്റെ ബന്ധുക്കളെയും മാധ്യമപ്രവർത്തകരെയും പ്രവേശിപ്പിക്കാതെ രഹസ്യ വിചാരണ നടത്തണമെന്നും കോടതിമുറിയിലെ ദൃശ്യങ്ങൾ പകർത്തുന്നതും റിപ്പോർട്ട് ചെയ്യുന്നതും വിലക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം.
അതേസമയം, പ്രതിഭാഗത്തിന്റെ ഈ നീക്കം വിചാരണ നടപടികൾ നീട്ടിക്കൊണ്ടുപോകാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കേസിൽ ഒക്ടോബർ 15-നാണ് സാക്ഷി വിസ്താരം ആരംഭിക്കാൻ നിശ്ചയിച്ചിട്ടുള്ളത്.
വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ള സാഹചര്യത്തിൽ പ്രതിഭാഗം തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കേസിൽ കോടതി ഇതുവരെ 70-ഓളം തവണ നടപടികൾക്കായി കേസ് വിളിച്ചെങ്കിലും രണ്ട് തവണ മാത്രമാണ് മുഴുവൻ പ്രതികളും ഹാജരായതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.



