മമ്മൂട്ടി ഷാർജ കൊട്ടാരത്തിൽ, ഉപഭരണാധികാരിയെ കണ്ട് അനുശോചനം അറിയിച്ച് താരം

ഷാർജ രാജകൊട്ടാരം സന്ദർശിച്ച് നടൻ മമ്മൂട്ടി. ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സലാം അൽ ഖാസിമിയുടെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സാലാം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ വേർപാടിൽ അനുശോചനം അറിയിക്കാനാണ് താരം നേരിട്ട് എത്തിയത്.
കൊട്ടാരത്തിൽ എത്തിയ മമ്മൂട്ടി ഇരുപത് മിനിറ്റോളം അവിടെ ചെലവഴിച്ചു. ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സലാം അൽ ഖാസിമിയെ കണ്ട് സംസാരിക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സാലാം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചത്.
ഷാർജയിൽ നടന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാനാണ് മമ്മൂട്ടി യുഎഇയിൽ എത്തിയത്. ഷാർജ റൂളേഴ്സ് ഓഫിസ് ചെയർമാൻ ഷെയ്ഖ് സാലം ബിൻ അബ്ദുറഹിമാൻ അൽ ഖാസിമി, ഷെയ്ഖ് അബ്ദുറഹിമാൻ ബിൻ സാലം അൽ ഖാസിമി, ഷെയ്ഖ് ഫൈസൽ ബിൻ ഖാലിദ് അൽ ഖാസ്മി എന്നിവരെയും മമ്മൂട്ടി നേരിൽ കണ്ട് സമാശ്വാസവാക്കുകൾ പങ്കുവച്ചു. നിർമാതാവ് ആന്റോ ജോസഫ്, പ്രവാസി വ്യവസായി വി.ടി. സലീം എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.



