ഇടുക്കി മെഡിക്കൽ കോളജിൽ നവജാതശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം: ഫാർമസിസ്റ്റിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ

ഇടുക്കി മെഡിക്കല്‍ കോളജില്‍ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത്തില്‍ ഫാര്‍മസിസ്റ്റിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. വകുപ്പ് തലത്തില്‍ നടന്ന അന്വേഷണത്തിലാണ് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ ഫാര്‍മസിസ്റ്റിനെതിരെ നടപടി ഉണ്ടാകും. 21 ദിവസം പ്രായമുള്ള കുഞ്ഞിന് നല്‍കിയ ഓയിന്‍മെന്റിന്റെ പുതിയ സ്റ്റോക്ക് മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു. എന്നിട്ടും പഴയ സ്റ്റോക്കില്‍ നിന്നാണ് ഓയിന്‍മെന്റ് നല്‍കിയത്.
പുതിയ സ്റ്റോക്ക് നീല നിറത്തിലുള്ള കവറിലായിരുന്നു വെച്ചിരുന്നത്. എന്നാല്‍ പഴയ സ്റ്റോക്കായ വെള്ള നിറത്തിലുള്ള കവറിലെ ഓയിന്‍മെന്റാണ് ഫാര്‍മസിസ്റ്റ് നല്‍കിയത്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഡെപ്യൂട്ടി ഡിഎംഒ സമര്‍പ്പിച്ചിട്ടുണ്ട്.
കഴുത്തിലെ അലര്‍ജിക്ക് ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയ ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിന്‍ സണ്ണിയുടെ കുഞ്ഞിനാണ് കലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത്. കുഞ്ഞിന് നല്‍കുന്നതിന് മുമ്പ് കാലാവധി പരിശോധിച്ചതിനാല്‍ അപകടം ഒഴിവായി എന്നാണ് കുടുംബം പറയുന്നത്.
2024 ജൂണില്‍ നിര്‍മ്മിച്ച് രണ്ട് വര്‍ഷം കാലാവധിയുണ്ടായിരുന്ന ഓയിന്‍മെന്റാണ് ഇടുക്കി മെഡിക്കല്‍ കോളജില്‍ നിന്ന് നല്‍കിയത്. സംഭവത്തില്‍ കുടുംബം ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ ആശുപത്രി സൂപ്രണ്ട് ഫാര്‍മസി ജീവനക്കാരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കന്‍ നിര്‍ദേശിച്ചിരുന്നു. ഡോക്ടര്‍ എഴുതി നല്‍കിയ കുറിപ്പടിയുമായി ഫാര്‍മസിയില്‍ എത്തിയപ്പോഴാണ് സോബിന് അവിടെ നിന്ന് മരുന്ന് നല്‍കുന്നത്. വീട്ടില്‍ എത്തി കാലാവധി പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞ് മൂന്ന് മാസം പഴക്കമായ മരുന്നാണ് നല്‍കിയതെന്ന് സോബിന് മനസിലാകുന്നത്.



