Kerala

കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്; അഭിപ്രായ വ്യത്യാസമുള്ളവരെ തുണ്ടം തുണ്ടമാക്കി അരിഞ്ഞുവീഴ്ത്തുന്ന പാര്‍ട്ടിയല്ല: കെ സി വേണുഗോപാല്‍

തിരുവനന്തപുരം: പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയണമെന്നും പുറത്ത് പറയുന്നതില്‍ യോജിപ്പില്ലെന്നും കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നിച്ചിരുന്ന് സംസാരിച്ച് തീര്‍ക്കുമെന്നും സര്‍ക്കാരിനെതിരെ താന്‍ സംസാരിച്ചിട്ടില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അടൂര്‍ പ്രകാശ് ഉന്നയിച്ച വിഷയങ്ങളില്‍ തനിക്ക് വ്യക്തമായ നിലപാടുണ്ടെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

അഭിപ്രായ വ്യത്യാസമുള്ളവരെ തുണ്ടം തുണ്ടമാക്കി അരിഞ്ഞുവീഴ്ത്തി ഇല്ലാതാക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി കാര്യങ്ങള്‍ പാര്‍ട്ടി വേദികളില്‍ മാത്രം ചര്‍ച്ച ചെയ്യുകയെന്നതാണ് തന്റെ തീരുമാനമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. അതിന് അവസരമില്ലെങ്കില്‍ നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്താം. അതാണെന്റെ ശൈലിയെന്നും താന്‍ ഇതുവരെ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ നിന്നിട്ടില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ കെ സി വേണുഗോപാലുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് കിട്ടിയാലും തന്നെ പ്രതിയാക്കാനാണ് ചിലര്‍ക്ക് ഇഷ്ടമെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. ജനങ്ങള്‍ വലിയ പ്രതീക്ഷയോടെ നോക്കുന്ന സര്‍ക്കാരാണിത്. ആ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കൂട്ടായി പ്രവര്‍ത്തിക്കുമെന്നും ചെറിയ അഭിപ്രായ വ്യത്യാസങ്ങളെ ഒന്നിച്ചിരുന്ന് പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം രാജ്യമാകെ ഇനിയുള്ള ദിവസങ്ങള്‍ സമരത്തിന്റേതായിരിക്കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. വോട്ട് ബചാവോ ദേശ് ബചാവോ ക്യാമ്പയിനാണ് രാജ്യവ്യാപകമായി നടക്കാന്‍ പോകുന്നത്. അത് ഇന്ത്യയിലെ ചെറിയ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും വരെ ഉള്‍ക്കൊള്ളുന്ന വലിയ പോരാട്ടമായിരിക്കും. ഓരോ ദിവസം കഴിയുന്തോറും ജനാധിപത്യം സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യാ സഖ്യത്തില്‍ ഇത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. കള്ളകമ്മീഷനെ പുറത്താക്കുകയെന്ന ഒറ്റ ലക്ഷ്യമാണ് എല്ലാവര്‍ക്കുമുള്ളതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ നിയമിച്ച് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവുകള്‍ക്കെതിരെ 14 തവണയാണ് കമ്മീഷണര്‍മാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്. അതിനെ ന്യായീകരിക്കാന്‍ ബിജെപിക്ക് രംഗത്തെത്തിയേ തീരൂ. ഇതിനുത്തരവാദിയായ മോദിയെയും അമിത് ഷായെയും ഉത്തരം പറയിപ്പിക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

2025 ജൂണില്‍ ബിഹാറില്‍ ആരംഭിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലൂടെ (എസ്‌ഐആര്‍) 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13 കോടിയിലധികം പേരുകളാണ് കരട് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. ആര് വോട്ട് ചെയ്യണമെന്നും ആര് ചെയ്യരുതെന്നും കമ്മീഷന്‍ തീരുമാനിക്കുന്നുവെന്നാണ് വിവിധ രാഷ്ടീയ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

See also  2 കിലോ സ്വർണം കൈവശപ്പെടുത്തിയെന്ന് റിപ്പോർട്ട്; തന്നെ കുടുക്കിയതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി

Related Articles

Back to top button