രമ്യ ഹരിദാസിന്റെ പി എ വി.വിമല് രാജിവെച്ചു

തിരുവനന്തപുരം: ചിറയിന്കീഴ് എംഎല്എ രമ്യ ഹരിദാസിന്റെ പേഴ്സണല് അസിസ്റ്റന്റ് വി വിമല് രാജിവെച്ചു. എംഎല്എയ്ക്ക് രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങള് ചൂണ്ടിക്കാട്ടിയാണ് രാജി. രാജിക്കത്ത് നിയമസഭാ സെക്രട്ടേറിയറ്റിന് എംഎല്എ ഇന്ന് കൈമാറും.
ജോലിഭാരത്തെ തുടര്ന്നാണ് പിഎ രാജിവെച്ചതെന്നാണ് രമ്യാ ഹരിദാസ് വിശദീകരിക്കുന്നതെങ്കിലും ചിറയിന്കീഴിലെ കയ്യാങ്കളി വിവാദത്തില് തിരിച്ചടി നേരിട്ട സാഹചര്യം മുന്നിലുണ്ട്.
രാജി സംബന്ധിച്ച കാര്യങ്ങള് പാര്ട്ടിക്ക് മുന്നില് വിശദീകരണം നല്കുമെന്നും വിമല് പറയുന്നുണ്ട്. തദ്ദേശ വകുപ്പില് ജോലി ചെയ്തിരുന്ന വിമല് ഡെപ്യൂട്ടേഷനിലാണ് പിഎയായി എത്തിയത്. കോണ്ഗ്രസ് അനുകൂല സര്വ്വീസ് സംഘടനാ നേതാവ് കൂടിയാണ് വിമല്.
ചിറയിന്കീഴിലെ കയ്യാങ്കളിയില് രമ്യ ഹരിദാസ് എംഎല്എക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ സമിതി കണ്ടത്തിയിരുന്നു. രമ്യാ ഹരിദാസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും പക്വതയോടെ ഇടപെട്ടില്ലെന്നും റിപ്പോര്ട്ടില് പറഞ്ഞിരുന്നു. തനിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായപ്പോള് കെപിസിസിയോട് പരാതിപ്പെടുന്നതിന് പകരം അനാവശ്യമായി വിവാദം ഉണ്ടാക്കിയെന്നും റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടിയിരുന്നു. തുടര്ന്ന് പാര്ട്ടി അധ്യക്ഷന് താക്കീത് നല്കി. സെപ്റ്റംബര് നാലാം തീയതിയായിരുന്നു ചിറയിന്കീഴില് രമ്യ ഹരിദാസ് എംഎല്എയും പ്രാദേശിക കോണ്ഗ്രസ് നേതാക്കളും തമ്മില് വാക്കുതര്ക്കവും കയ്യാങ്കളിയും ഉണ്ടായത്.



