ബാർ സമയം കുറയ്ക്കും; ലൈസൻസുകൾക്ക് കർശന നിയന്ത്രണം: മദ്യനയം പരിഷ്കരിക്കാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബാർ ലൈസൻസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതും ലൈസൻസ് ഫീസ് വർധിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ബാറുകളുടെ പ്രവർത്തനസമയം കുറയ്ക്കുന്നതിനും പരിശോധനകൾ ശക്തമാക്കുന്നതിനും നടപടിയുണ്ടായേക്കും.
വിവാദങ്ങൾക്കിടെ, പുതിയ മദ്യനയത്തിന്റെ ഭാഗമായി ഹോർട്ടി വൈൻ വിൽപ്പനയ്ക്കായി പ്രത്യേക പാർലറുകൾ ആരംഭിക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പാർലറുകൾ തുടങ്ങാനാണ് ആലോചന. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനാവകാശം അനുവദിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. മദ്യനയത്തിന്റെ കരട് നവംബർ ആദ്യവാരം മുഖ്യമന്ത്രിക്ക് കൈമാറാനാണ് നീക്കം. യുഡിഎഫിൽ ചർച്ച ചെയ്ത ശേഷമായിരിക്കും കരട് മദ്യനയത്തിൽ അന്തിമ തീരുമാനമെടുക്കുക.
ബാറുകളുടെ പ്രവർത്തനസമയം രാവിലെ 11 മുതൽ രാത്രി 11 വരെ നിശ്ചയിക്കാനാണ് തീരുമാനം. തൊഴിലാളി സംഘടനകളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഈ നീക്കം. ബെവ്കോയിലെയും കൺസ്യൂമർഫെഡിലെയും തൊഴിലാളികളും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അശാസ്ത്രീയമായ രീതിയിൽ ബാർ ലൈസൻസുകൾ അനുവദിച്ചെന്ന ആരോപണം ബാറുടമകളുടെ സംഘടനകൾ തന്നെ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ലൈസൻസ് അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ നീക്കം നടത്തുന്നത്.
ബേക്കറികളിലൂടെ ഹോർട്ടി വൈൻ വിൽപ്പന നടത്തുന്നതിനോട് സർക്കാരിന് അനുകൂല നിലപാടില്ല. ഇതോടെയാണ് പ്രത്യേക പാർലറുകൾ ആരംഭിക്കുകയെന്ന ആശയത്തിലേക്ക് സർക്കാർ എത്തിയത്. സംസ്ഥാനത്തെ ചെറുകിട കർഷകർക്ക് സഹായകരമാകുന്ന പദ്ധതിയെന്ന നിലയിലാണ് ഈ മാറ്റം പരിഗണിക്കുന്നത്. വിവിധ സംഘടനകളുടെയും ബന്ധപ്പെട്ട തൊഴിലാളികളുടെയും ആവശ്യങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ മദ്യനയത്തിന്റെ കരട് തയ്യാറാക്കിയിരിക്കുന്നത്.



