Kerala

കൊച്ചിയിൽ പൊലീസുകാർക്ക് നേരെ കത്തിക്കുത്ത്; മൂന്ന് പേർ കസ്റ്റഡിയിൽ

കൊച്ചി: ക്രിമിനൽ സംഘത്തിന്‍റെ കത്തി ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരുക്കേറ്റ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ചയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

സ്വകാര്യ ബസ് ജീവനക്കാരെ ആക്രമിച്ചെന്ന വിവരത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി ഏലങ്കുന്നപ്പുഴയിലെ പെട്രോൾ പമ്പിലെത്തിയ ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്റ്റർ ജിതിനും സിവിൽ പൊലീസ് ഓഫീസർ രജേഷിനുമാണ് ആക്രമണത്തിൽ പരുക്കേറ്റത്. കൊലക്കേസ് പ്രതിയായ മുന്നയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബസ് ഡ്രൈവറെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളിൽ രണ്ട് പേർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഇവർ വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. തെളിവെടുപ്പിനായി പ്രതികളെ ഉടൻ പെട്രോൾ പമ്പിലെത്തിക്കും. തുടർന്ന് ഇവരുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുമെന്നും അധികൃതർ പറഞ്ഞു.

പരുക്കേറ്റ രണ്ട് പൊലീസുകാരിൽ ഒരാൾ ആശുപത്രിയിൽ തുടരുകയാണ്. മറ്റൊരാളെ ബുധനാഴ്ച രാവിലെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.

സംഭവം പൊലീസ് ഗൗരവത്തോടെയാണ് കാണുന്നതെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ആലുവ റൂറൽ എസ്പി കെ.എസ്. സുദർശൻ പറഞ്ഞു. പ്രതികൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോയെന്നും അന്വേഷണത്തിൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

See also  കേരളാ പോലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച സേന; എല്ലാവരോടും കടപ്പാടെന്ന് ഷെയ്ക്ക് ദർവേഷ് സാഹിബ്

Related Articles

Back to top button