Kerala

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്; പിണറായി വിജയന് വീണ്ടും സമൻസ് അയക്കാൻ ഇ ഡി

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് വീണ്ടും സമന്‍സ് നല്‍കാന്‍ ഇ ഡി. പുതിയ തീയതി നിശ്ചയിച്ചു കൊണ്ടുള്ള സമന്‍സ് ഉടന്‍ നല്‍കും. പിണറായി വിജയന്റെ മറുപടി പരിശോധിച്ച ശേഷമാണ് തീരുമാനം. സുപ്രീംകോടതി ഉത്തരവ് അന്വേഷണത്തിന് തിരിച്ചടി അല്ലാത്തതിനാല്‍ വീണ്ടും സമന്‍സ് അയക്കുന്നതില്‍ തടസ്സങ്ങള്‍ ഇല്ലെന്നാണ് ഇ ഡിക്ക് ലഭിച്ച നിയമോപദേശം.

നിലവിലുള്ള സമന്‍സില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വീണ്ടും സമന്‍സ് അയക്കാനാണ് ഇ ഡിയുടെ നീക്കം. നിയമ സഭാ സമ്മേളനവും സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാണിച്ചാണ് പിണറായി വിജയന്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഇ ഡിയെ അറിയിച്ചത്. തുടര്‍ന്നാണ് അടുത്ത സമന്‍സ് അയയ്ക്കാന്‍ ഇ ഡി നീക്കം തുടങ്ങിയത്. പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ വന്‍ തയ്യാറെടുപ്പുകളാണ് ഇ ഡി നടത്തുന്നത്. ചെന്നൈയിലെ സ്‌പെഷ്യല്‍ ഡയറക്ടര്‍ അടക്കമുള്ള ഉന്നതതല ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. സുപ്രീംകോടതി ഇ ഡിയുടെ ഇസിഐറുമായി ബന്ധപ്പെട്ട് ഒന്നും പരാമര്‍ശിക്കാത്ത സാഹചര്യത്തില്‍ ഇ ഡിയുടെ അന്വേഷണവുമായി മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, വിജിലന്‍സ് കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരുടെ അപ്പീലുകള്‍ ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ഉന്നയിച്ചേക്കും. അപ്പീല്‍ നാളെ പരിഗണിക്കണം എന്ന് ആവശ്യപ്പെടാനാണ് തീരുമാനം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു നിയമസഭാ സമ്മേളനവും സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടിയാണ് മറുപടി അറിയിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് ഇ ഡി നോട്ടീസ് നല്‍കിയത്. പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയ ഇ ഡി സംഘം പിണറായി വീട്ടില്‍ ഇല്ലാത്തതിനാല്‍ ചുവരില്‍ നോട്ടീസ് ഒട്ടിച്ച് മടങ്ങുകയായിരുന്നു. 23ന് രാവിലെ 11ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയത്. എന്നാല്‍ 23ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് പിണറായി വിജയന് നിയമോപദേശം ലഭിച്ചിരുന്നു.

See also  തുലാവർഷം ശക്തമാകുന്നു; 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്: 9 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button