സീറ്റ് ബെൽറ്റ് ധരിച്ചില്ല; അർബുദ രോഗിക്ക് 18,000 രൂപ പിഴയിട്ട് എംവിഡി: തുക ഒന്നിച്ചടയ്ക്കണമെന്ന് നിർദേശം

കോഴിക്കോട്: സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തതിന്റെ പേരിൽ അർബുദ രോഗിയായ അറുപതുകാരന് മോട്ടോർ വാഹന വകുപ്പ് (MVD) 18,000 രൂപ പിഴയിട്ടു. എഐ ക്യാമറകളിൽ പതിഞ്ഞ നിയമലംഘനങ്ങൾക്ക് 500 രൂപ വീതം 36 തവണയായാണ് ഇത്രയും വലിയ തുക പിഴയായി വന്നിരിക്കുന്നത്. കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശി കാരാട്പറമ്പ് പന്നിക്കോട്ടിൽ പി. കെ. ജയനോടാണ് (60) ഈ തുക ഒന്നിച്ചടയ്ക്കാൻ കോഴിക്കോട് ആർടിഒ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ ഇ-ചെലാൻ വഴി ചുമത്തപ്പെട്ട പിഴകളാണിത്. എന്നാൽ, തനിക്ക് മുൻപ് പിഴയുമായി ബന്ധപ്പെട്ട് യാതൊരുവിധ അറിയിപ്പുകളും മൊബൈലിലോ കത്തുകളായോ ലഭിച്ചിരുന്നില്ലെന്ന് ജയൻ പറയുന്നു. അർബുദം ബാധിച്ചതിനെത്തുടർന്ന് തുടർചികിത്സയ്ക്കായി സ്വകാര്യ വാഹനത്തിൽ പതിവായി ആശുപത്രിയിൽ പോയി വന്നിരുന്ന സാഹചര്യത്തിലാണ് ഈ പിഴകളെല്ലാം എഐ ക്യാമറകളിൽ പതിഞ്ഞത്.
കഴിഞ്ഞ 10 വർഷമായി ജോലിയില്ലാതെ കഴിയുന്ന തനിക്ക് ഇത്രയും വലിയ തുക ഒന്നിച്ചടയ്ക്കാൻ ഒരു നിവർത്തിയുമില്ലെന്ന് ജയൻ വ്യക്തമാക്കുന്നു. ചികിത്സാച്ചെലവുകൾക്കായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഈ പിഴത്തുകയിൽ മാനുഷിക പരിഗണന നൽകി ഇളവ് അനുവദിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.



