Kerala

കിഫ്ബിയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം; രൂക്ഷ വിമര്‍ശനവുമായി പിണറായി

തിരുവനന്തപുരം: കിഫ്ബിയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജനകീയ വികസന മാതൃക സൃഷ്ടിച്ച കിഫ്ബിയെ സാങ്കേതികമായി ഇല്ലാതാക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് നിയമസഭയില്‍ സംസാരിക്കവേ പിണറായി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് ഈ നീക്കമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ പിന്തിരിപ്പന്‍ രേഖയാണ് സുധാ പിള്ളാ കമ്മിറ്റി റിപോര്‍ട്ട്. കടുത്ത സ്വകാര്യവത്ക്കരണത്തിനുള്ള കേന്ദ്ര നയത്തിന് സമാനമായി കേരളവും നീങ്ങുകയാണ്.

അടിസ്ഥാന സൗകര്യ വികസനരംഗത്ത് ഉണ്ടാക്കിയ കുതിപ്പില്‍ പ്രധാന പങ്കുവഹിച്ചത് കിഫ്ബിയാണ്. അതൊന്നും കാണാതെയാണെ സുധാ പിള്ള കമ്മിറ്റിയുടെ ആക്ഷേപം. ലാഭം മാത്രം ലക്ഷ്യം വെക്കുന്ന വാണിജ്യ വായ്പാ സ്ഥാപനത്തെ കാണുന്നത് പോലെയാണ് സുധാ പിള്ള കമ്മിറ്റി കിഫ്ബിയെ കണ്ടത്. സമൂഹത്തിനു വേണ്ടിയുള്ള നിക്ഷേപമാണ് അതെന്നും ലാഭത്തിന്റെ കണ്ണിലൂടെയല്ല അതിനെ കാണേണ്ടതെന്നും പിണറായി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിച്ച വാദഗതിയാണ് കമ്മിറ്റി കണ്ടത്. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഒരക്ഷരം പോലും സുധാപിള്ള കമ്മിറ്റി പറഞ്ഞില്ല. അതൊന്നും കണ്ട ഭാവം പോലും നടിച്ചില്ല.

കിഫ്ബി വലിയ ബാധ്യതയുണ്ടാക്കിയെന്ന തെറ്റായ പ്രചാരണമാണ് നടക്കുന്നത്. വായ്പയെടുത്ത് നാടിനു വേണ്ട ആസ്തി സൃഷ്ടിച്ചാല്‍ അത് എങ്ങനെയാണ് ബാധ്യത ആകുന്നത്? റവന്യൂ വകുപ്പാണ് ഭൂമി ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്ന തുകയെ കമ്പോള വിലയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉന്നയിക്കാന്‍ പാടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കിഫ്ബിയില്‍ എല്ലാ മണ്ഡലത്തിലും എല്ലാ ജില്ലകളിലും ഒരേപോലെ കാര്യങ്ങള്‍ ചെയ്തു എന്നുള്ളതാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിവാദങ്ങളോടും അദ്ദേഹം പ്രതികരിച്ചു. കല്ലുവെട്ട് നടക്കുന്ന പറമ്പുകള്‍ കണ്ണൂരില്‍ ഉണ്ടെന്നും അത് ക്വാറി അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ നിലവില്‍ ഏറ്റെടുത്ത ഭൂമി ഇനിയും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിനു തൊട്ടടുത്ത സ്ഥലം ഉണ്ട് എന്നുള്ളതാണ്. കൊച്ചിയിലും കരിപ്പൂരിലും വിമാനത്താവളത്തിനടുത്ത് സ്ഥലം ലഭിക്കാത്ത സാഹചര്യമാണ്. അതുകൊണ്ടാണ് കണ്ണൂരില്‍ ലഭിച്ച ഭൂമി ഏറ്റെടുക്കുന്ന നടപടി തുടങ്ങിയത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ അവകാശം സ്ഥാപിക്കാനുള്ള ശ്രമം മുഖ്യമന്ത്രി നടത്തുന്നത് കണ്ടു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്ന 2001- 2006 വരെയുള്ള കാലയളവില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി ഒരു ചെറുവിരല്‍ അനക്കിയോ? അതിനുശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോഴാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ നേരവകാശിയായി അവകാശപ്പെടുന്നത് ശരിയല്ല. കിഫ്ബി ലാഭകരമല്ല എന്ന സമീപനം ശരിയല്ല. നവ ലിബറല്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായിട്ടുള്ളതാണ്.

See also  ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ; ഫ്ളക്സ് ബോർഡുകൾ വർധിക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി

Related Articles

Back to top button