ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഇല്ലാത്ത വൈദ്യുതി പ്രതിസന്ധിയുടെ പേരില്‍ ജനങ്ങള്‍ക്ക് മേല്‍ വന്‍ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്കിയ അഴിമതിയാണ് ജിഎന്‍എ കരാറെന്നും അതില്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പവര്‍കട്ട് ഭീതിയിലാഴ്ത്തി നടപ്പിലാക്കാന്‍ ശ്രമിച്ച വന്‍ കൊള്ളയാണ് ജിഎന്‍എ കരാര്‍ റദ്ദാക്കലിലൂടെ സ്ഥിരീകരിക്കപ്പെട്ടത്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് പൂര്‍ണ്ണമായും ശരിയാണെന്ന് ഇതോടെ തെളിഞ്ഞു. ക്രമക്കേടുകള്‍ തെളിവുസഹിതം പ്രതിപക്ഷവും മാധ്യമങ്ങളും തുറന്നുകാട്ടിയപ്പോള്‍ മാത്രമാണ് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കെഎസ്ഇബിയുടെ എതിര്‍പ്പുകള്‍ മറികടന്നും ടെന്‍ഡര്‍ നടപടികളില്ലാതെയും സ്വന്തമായി ഉല്‍പ്പാദനമില്ലാത്ത, വൈദ്യുതി ട്രേഡര്‍ പോലുമല്ലാത്ത സ്വകാര്യ ഇടനില പ്ലാറ്റ്ഫോമിന് ഉയര്‍ന്ന നിരക്കില്‍ കരാര്‍ നല്കാന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതിയാണ്. വകുപ്പിലെ നിര്‍ണായക തീരുമാനങ്ങളും കരാര്‍ റദ്ദാക്കലും വകുപ്പ് മന്ത്രി പോലും പത്രവാര്‍ത്തകളിലൂടെ അറിയേണ്ടിവന്ന സാഹചര്യം മന്ത്രിസഭയുടെ ഭരണഘടനാപരമായ കൂട്ടുത്തരവാദിത്തം പൂര്‍ണമായും തകര്‍ന്നതിന് തെളിവാണ്. കെപിസിസി പ്രസിഡന്റ് കൂടിയായ വൈദ്യുതി മന്ത്രിയെപ്പോലും ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് ഈ ഇടപാടിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഒക്ടോബറില്‍ വിഇഎന് ഗ്ലോബല്‍ എന്ന കമ്പനിയില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 11 രൂപക്ക് വാങ്ങിയതും മുഖ്യമന്ത്രിയുടെ ഓഫീസ് മുഖാന്തിരമാണെന്നാണ് മനസിലാക്കുന്നത്. ടെണ്ടറോ റഗുലേറ്ററി കമ്മീഷന്റെ അനുമതിയോ കൂടാതെ നടത്തിയ ഈ ഇടപാടും ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ച് നടന്ന ബാഹ്യ ഇടപെടലുകളാണ് ഇതിലൂടെയെല്ലാം വ്യക്തമാകുന്നത്. അഴിമതി കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മുന്‍ കെഎസ്ഇബി ചെയര്‍മാന്റെ റിപ്പോര്ട്ടിന്മേല് അന്വേഷണം പ്രഖ്യാപിച്ച് ഉദ്യോഗസ്ഥരെ ബലിയാടാക്കി ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഉന്നയിക്കപ്പെട്ട ഗൗരവകരമായ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ട്. കൃത്രിമ പ്രതിസന്ധി സൃഷ്ടിച്ച് വന്‍ അഴിമതിക്ക് കളമൊരുക്കിയതിന് പിന്നിലെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരാണെന്നും വകുപ്പ് മന്ത്രിയെപ്പോലും ഒഴിവാക്കി എടുത്ത തീരുമാനങ്ങള്‍ക്ക് പിന്നിലെ താത്പര്യങ്ങള്‍ എന്താണെന്നും പുറത്തുവരണമെന്നും പിണറായി വിജയന് ആവശ്യപ്പെട്ടു.
ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള വൈദ്യുതി വാങ്ങല്‍ നിര്‍ദേശം തന്നെ ആവശ്യമായിരുന്നോ എന്ന പരിശോധന നടത്താതെ അധിക സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നതിന്റെ പുറകിലെ ഉദ്ദേശം എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും സര്‍ക്കാര്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണ്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് ഉള്‍പ്പെടെ സമഗ്രമായി പരിശോധിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെയേ സാധ്യമാകുകയുള്ളുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.



