Kerala

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരപ്പന്തല്‍ പൊളിച്ച പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി എംപി. സര്‍ക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അക്രമമുണ്ടായാല്‍ പൊലീസ് ഇടപെടണം. എന്നാല്‍ സമരം സമാധാനപരമാണെങ്കില്‍ പ്രതിഷേധിക്കാന്‍ അനുവദിക്കണം. സമാധാനപരമായ സമരങ്ങളെ തടയരുതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അന്തരിച്ച പത്മശ്രീ പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമന്റൈ വയനാട്ടിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

അതേസമയം സുപ്രീംകോടതിയുടെ വിധിയുള്ളതിനാലാണ് സമരപ്പന്തല്‍ പൊളിച്ചതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ കമ്മീഷണര്‍ക്കെതിരെ മൂന്നുതവണ കോടതി അലക്ഷ്യയലക്ഷ്യക്കേസുകള്‍ വന്നിരുന്നു. സമരത്തിന് ആരും എതിരല്ല. ഉദ്യോഗാര്‍ത്ഥികളുമായി നിരവധി തവണ ചര്‍ച്ച നടത്തിയതാണ്. ഉന്നയിച്ച അഞ്ച് ആവശ്യങ്ങളില്‍ നാലെണ്ണവും അംഗീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം മാറ്റുക എന്നത് ബുദ്ധിമുട്ടാണ്. നിരാഹാരം കിടക്കുന്നവരുടെ ആരോഗ്യപരമായ ബുദ്ധിമുട്ട് ആയതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സെക്രട്ടേറിയറ്റ് പടിക്കല്‍ ആരെങ്കിലും പന്തല്‍കെട്ടി സമരം ചെയ്യുന്നതിന് താന്‍ എതിരല്ല. സമരം ലോകത്തല്ലായിടത്തും സാധാരണമാണ്. സമരത്തോട് സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

സമരപ്പന്തല്‍ പൊളിച്ചത് നോട്ടീസ് നല്‍കിയ ശേഷമാണെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്റെ പ്രതികരണം. ജനാധിപത്യ സമരത്തോട് അസഹിഷ്ണുത ഇല്ല. പൊലീസ് പന്തല്‍ പൊളിച്ചത് കോടതി നിര്‍ദ്ദേശപ്രകാരമാണ്. വളര്‍മതിയുടെ ആരോഗ്യനില അപകടത്തിലായിരുന്നു. വഴി തടസ്സപ്പെടുത്തി നിര്‍മ്മിച്ച പന്തലാണ് മാറ്റിയതെന്നും മന്ത്രി പറഞ്ഞു. അതേസമയം സമരപ്പന്തല്‍ പൊളിച്ചത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഐഎം നേതാവ് പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ സമരത്തെ നേരിട്ടതിനെക്കാള്‍ ജനാധിപത്യവിരുദ്ധമായാണ് യുഡിഎഫ് സര്‍ക്കാര്‍ സമരത്തെ നേരിട്ടത്. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വി ഡി സതീശന്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ തുടങ്ങിയ സമരമാണ് എല്‍പിഎസ്ടി സമരം. വളര്‍മതി തലമുണ്ടനം ചെയ്യുന്നത് കണ്ടപ്പോള്‍ കരച്ചില്‍ വന്നുവെന്ന് പറഞ്ഞ വി ഡി സതീശന്‍ അവര്‍ക്കെതിരെ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ആശാ സമരം നടന്നപ്പോള്‍ സമരപ്പന്തല്‍ അവിടെത്തന്നെ ഉണ്ടായിരുന്നു. എല്ലാ ദിവസവും പ്രതിപക്ഷ നേതാവ് സമരപ്പന്തലില്‍ പോവുകയും ചെയ്തിട്ടുണ്ട്. ഇത്രയും ഹിപ്പോക്രസി ഉള്ള അവസരവാദം സ്വീകരിക്കുന്ന, പറഞ്ഞതെല്ലാം വിഴുങ്ങുന്ന സര്‍ക്കാരാണ് ഭരിക്കുന്നതെന്നും പി രാജീവ് വിമര്‍ശിച്ചു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

See also  പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് മോഷണം; പ്രധാന പ്രതി ഫാസിൽ പിടിയിൽ: കൂട്ടാളിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്

Support

Related Articles

Back to top button