ബഹ്‌റൈനിൽ ഇറാൻ ആക്രമണം; മനാമയിലെ വ്യവസായ കേന്ദ്രത്തിൽ വൻ തീപിടിത്തം

ടെഹ്റാൻ: ബഹ്‌റൈനിലെ രണ്ട് യുഎസ് റഡാർ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് അവകാശപ്പെട്ട് ഇറാൻ റവല്യൂഷണറി ഗാർഡ്സ്. ഇറാൻ ആക്രമണത്തിൽ മനാമയിലെ വ്യവസായ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായി. ഷെയ്ഖ് ഈസ, ജുഫൈർ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളാണ് ഇറാൻ ലക്ഷ്യമിട്ടത്. യുഎസ് സൈനിക താവളങ്ങളിലെ വ്യോമപ്രതിരോധ റഡാറുകൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തകർത്തതായും ഇറാൻ അവകാശപ്പെട്ടു.
നിലവിൽ തീ നിയന്ത്രണ വിധേയമാണ്. ആക്രമണത്തിൽ ആളപായമില്ലെന്നും കനത്ത നാശനഷ്‌ടമുണ്ടായെന്നുമാണ് ബഹ്‌റൈന്റെ പ്രതികരണം. നിരവധി മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ചു. സാധാരണക്കാർ താമസിക്കുന്ന മേഖലകൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയത് ഹീനമായ ആക്രമണമാണെന്നും ബഹ്റൈൻ കുറ്റപ്പെടുത്തി. സുരക്ഷാ സ്ഥിതിഗതികൾ സാധാരണനിലയിലായെന്നും ബഹ്റൈൻ അറിയിച്ചു.
ഇറാൻ – യുഎസ് യുദ്ധം പുനഃരാരംഭിക്കുമെന്ന ആശങ്ക നിലനിൽക്കെ ഭൂഗർഭ മിസൈൽ നഗരത്തിന്റെ വീഡിയോ ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. ഇരട്ട ലോഞ്ചറുകൾ അടക്കമുള്ള വൻ മിസൈൽശേഖരം ദൃശ്യങ്ങളിൽ കാണാം. തിരിച്ചടിക്ക് സന്നദ്ധമാണെന്ന സൂചനയാണ് ദൃശ്യങ്ങളിലൂടെ ഇറാൻ നൽകിയത്. ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ സ്ഥാപിച്ച സ്‌ഫോടകവസ്‌തുക്കളിൽ തട്ടി എണ്ണ ടാങ്കറിനു തീപിടിച്ചു. രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ വ്യോമാക്രമണവും ഉണ്ടായി. ഒമാനിലെ ഖസബ് തീരത്തുനിന്ന് 11 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ആദ്യ ആക്രമണം. രണ്ടാമത്തെ ആക്രമണത്തിൽ എണ്ണ ടാങ്കറിന്റെ എഞ്ചിൻ റൂമിൽ തീപടർന്നതായും റിപ്പോർട്ടുണ്ട്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



