റാസൽഖൈമ ബസ് അപകടം; മരിച്ച മലയാളികളുടെ എണ്ണം നാലായി

റാസൽഖൈമ: റാസൽഖൈമ ബസപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. പാലക്കാട് നെല്ലായ സ്വദേശി 29 കാരൻ മുഹമ്മദ് ആഷിഖിന്റെ മൃതദേഹം കൂടി ബന്ധുക്കൾ തിരിച്ചറിഞ്ഞു. അപകടത്തിൽ മരിച്ച 13 പേരിൽ 11 പേരും ഇന്ത്യക്കാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. കാസർകോട് അട്ടേങ്ങാനം സ്വദേശി 53 കാരൻ അഷ്റഫ്, കണ്ണൂർ മട്ടന്നൂർ സ്വദേശിയായ 29 കാരൻ ഹേമന്ത് പുതിയകാവിൽ, തലശ്ശേരി സ്വദേശിനി 26 വയസുള്ള സങ്കീർത്ത സുരേഷ് എന്നിവരാണ് മരിച്ച മറ്റു മലയാളികൾ.
അപകടത്തിൽ കൊല്ലപ്പെട്ട ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാറിന്റെ ഭാര്യ മലയാളിയാണ്. പഞ്ചാബ് സ്വദേശികളായ രാജ്കുമാർ, രമൺ കുമാർ, യുപി സ്വദേശി റാശിദ് അലി, രാജസ്ഥാൻ സ്വദേശിനി മഹിമ സോണി, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ്, ഗുജറാത്ത് സ്വദേശി ജിഗ്നേഷ് എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാർ. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ ഫൈസൽ പുറത്തൂർ പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ റാസൽഖൈമയിലെ അൽ വതൻ റോഡിലാണ് ദാരുണമായ അപകടമുണ്ടായത്. ഒമാനിൽ വിസ നടപടികൾ പൂർത്തിയാക്കി യുഎഇയിലേക്ക് മടങ്ങുകയായിരുന്ന യാത്രക്കാരുടെ ബസ് റോഡരികിൽ യന്ത്രത്തകരാറിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ആകെ 13 പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ 11 പേർ ഇന്ത്യക്കാരാണ്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്നാട് സ്വദേശികളും മരിച്ചവരിലുണ്ട്.
മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ അധികൃതർ തുടരുകയാണ്. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി ഇന്ത്യൻ കോൺസുലേറ്റും ഇടപെടുന്നുണ്ട്.
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



