Kerala

ആത്മാഭിമാനത്തേക്കാൾ വലുതല്ല പാർട്ടി നടപടി; കെ സുരേന്ദ്രനെതിരെ സന്ദീപ് വാര്യർ

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാര്യർ. നിങ്ങൾ പോയാലും ഒന്നുമില്ല എന്ന രീതിയിൽ അപമാനിച്ചു കൊണ്ടിരിക്കുമ്പോൾ അച്ചടക്കം പാലിക്കണമെന്ന് പറഞ്ഞ് ഭയപ്പെടുത്തരുത്. നടപടി എടുക്കേണ്ടത് തന്നെ അപമാനിച്ചവർക്കെതിരെയാണ്. ഒരു മനുഷ്യന്റെ ആത്മാഭിമാനത്തേക്കാൾ വലുതല്ല പാർട്ടി നടപടി എന്നും അദ്ദേഹം പറഞ്ഞു.

ഫോൺ ചെയ്തു ഉത്തരവിട്ടാൽ അതേപോലെ അനുസരിക്കാനുള്ള മാനസികാവസ്ഥയിൽ അല്ല താൻ ഉള്ളത്. ഫോൺ ചെയ്തു കൊണ്ടല്ല പ്രശ്‌നം അവസാനിപ്പിക്കേണ്ടത്. ഒരാൾ പോയാൽ ഒന്നും സംഭവിക്കാൻ ഇല്ലെന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്. ഈ നിലപാട് എങ്ങനെ സ്വീകരിക്കാൻ സാധിക്കുന്നുവെന്ന് അറിയില്ല. പ്രകാശ് ജാവ്‌ദേക്കർ താനുമായി സംസാരിച്ചിട്ടില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.

ആർഎസ്എസിന് മുന്നിൽ പ്രശ്‌നങ്ങൾ അവതരിപ്പിച്ചിരുന്നു. നിലവിൽ ബിജെപിക്ക് ആർഎസ്എസിന്റെ സംഘടനാ സെക്രട്ടറി ഇല്ല. ഇതിൽ അവർ എന്ത് നിലപാടാണ് സ്വീകരിക്കുന്നത് എന്ന് തനിക്കറിയില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.

പാലക്കാട് സി കൃഷ്ണകുമാർ തോറ്റാൽ അതിന്റെ ഉത്തരവാദിത്വം തന്റെ തലയിൽ വെക്കാനുള്ള നീക്കമാണ് നടക്കുന്നത്. കെ സുരേന്ദ്രന്റെ നിർദേശപ്രകാരമാണ് പാലക്കാട് പ്രചാരണത്തിന് എത്തിയത്. സിപിഎമ്മുമായുള്ള മുൻധാരണ പ്രകാരമാണ് വിഷയം ഉന്നയിക്കുന്നത് എന്ന് ആരോപിക്കുന്നത് ശരിയല്ലെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

 

See also  കപ്പൽ അപകടം; തീ നിയന്ത്രണവിധേയമായില്ല: 2000 ടൺ എണ്ണയും 240 ടൺ ഡീസലും ഭീഷണിയിൽ

Related Articles

Back to top button