Kerala

ശബരിമല: ആദ്യഘട്ടത്തിൽ 383 കെഎസ്ആർടിസി ബസുകൾ; നിലയ്ക്കൽ – പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും

ശബരിമല: അയ്യപ്പഭക്തർക്ക് യാത്രാ തടസമുണ്ടാകാത്ത രീതിയിൽ സർവീസ് ക്രമീകരിച്ച് കെഎസ്ആർടിസി ആദ്യഘട്ടത്തിൽ 383 ബസും രണ്ടാം ഘട്ടത്തിൽ 550 ബസുകളും സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. നിലയ്ക്കൽ – പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. തിരക്കനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും. 192 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത്. ലോ ഫ്ലോർ എസി, ലോ ഫ്ലോർ നോൺ എസി ബസുകൾ ഉൾപ്പെടെയാണിത്.

ശനിയാഴ്ച ആയിരത്തിലധികം ട്രിപ്പുകൾ നിലയ്ക്കൽ – പമ്പ റൂട്ടിൽ സർവീസ് നടത്തി. വലിയ വാഹനങ്ങളിലെത്തുന്ന ഭക്തർ നിലയ്ക്കലിൽ പാർക്ക് ചെയ്തശേഷം കെഎസ്ആർടിസി ബസിൽ വേണം പമ്പയിലെത്താൻ. നിലയ്ക്കലിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് വിവിധ പാർക്കിങ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രണ്ട് മിനി ബസുകൾ സർവീസ് നടത്തുന്നുണ്ട്. ദൂരെയുള്ള കേന്ദ്രങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കരികിലേക്ക് തീർഥാടകർക്ക് എത്തുന്നതിന് ഇത് പ്രയോജനം ചെയ്യും.

വിവിധ ഡിപ്പോകളിൽ നിന്ന് ഇരുനൂറിനടുത്ത് ദീർഘദൂര ബസുകളും പമ്പയിലേക്ക് സർവീസ് നടത്തി. തിരുവനന്തപുരം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയ്ൽവേ സ്റ്റേഷനുകളിലെത്തുന്ന തീർഥാടകരെ പമ്പയിലെത്തിക്കുന്നതിന് സ്‌പെഷൽ സർവീസുകളും ആരംഭിച്ചിട്ടുണ്ട്.

പമ്പയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 104 ജീവനക്കാരെ കെഎസ്ആർടിസി നിയോഗിച്ചിട്ടുണ്ട്. ഒരു ബസിന് നാലുപേരെന്ന കണക്കിൽ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. മൂന്ന് മെയിന്‍റനൻസ് വാഹനങ്ങളും ആദ്യഘട്ടത്തിലുണ്ട്. അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സംവിധാനങ്ങളും ജീവനക്കാരും പമ്പയിൽ തന്നെയുണ്ട്. ജീവനക്കാർക്ക് വേണ്ടത്ര വിശ്രമം ഉറപ്പുവരുത്താനും ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

The post ശബരിമല: ആദ്യഘട്ടത്തിൽ 383 കെഎസ്ആർടിസി ബസുകൾ; നിലയ്ക്കൽ – പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും appeared first on Metro Journal Online.

See also  കുതിച്ചുയർന്ന് സ്വർണവില; സർവകാല റെക്കോർഡിൽ, 56,000ന് തൊട്ടരികെ

Related Articles

Back to top button