കേൾവി-സംസാര ശേഷിയില്ലാത്ത 11കാരിയെ ബലാത്സംഗം ചെയ്തു; പ്രതിയെ പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി

ഉത്തർപ്രദേശിൽ കേൾവി ശക്തിയും സംസാരശേഷിയുമില്ലാത്ത 11 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുപി രാംപൂർ ജില്ലയിലാണ് സംഭവം. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് വെടിവെച്ചാണ് കീഴ്‌പ്പെടുത്തിയത്
ചൊവ്വാഴ്ചയാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. കുടുംബാംഗങ്ങൾ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ പെൺകുട്ടിയെ സമീപത്തെ വയലിൽ ഗുരുതര പരുക്കുകളോടെ കണ്ടെത്തി
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഡാൻ സിംഗ് എന്ന 24കാരനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ പിടികൂടാനെത്തിയപ്പോൾ പ്രതി പോലീസിന് നേരെ വെടിയുതിർത്തു. തുടർന്ന് ഏറ്റുമുട്ടലുണ്ടായി. ഡാൻ സിംഗിന്റെ മുട്ടിന് താഴെ വെടിയുതിർത്താണ് പോലീസ് പിടികൂടിയത്
ഒന്നോ അതിലധികമോ വ്യക്തികൾ കുട്ടിയെ ബലാത്സംഗം ചെയ്ത പരുക്കുകൾ ദേഹത്തുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. സ്വകാര്യ ഭാഗങ്ങളിൽ ഒന്നിലധികം മുറിവുകളുണ്ട്. മുഖം മൂർച്ചയുള്ള വസ്തു കൊണ്ട് അടിച്ചതിനാൽ വീർത്തിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു