അമ്മയെ അടിക്കുന്നു ; അനുജന്‍റെ കയ്യും കാലും തല്ലിയൊടിക്കാൻ ജ്യേഷ്ഠന്റെ ക്വട്ടേഷൻ

കൊല്ലം:അമ്മയെ പതിവായി മർദിച്ച അനുജന്‍റെ കൈകളും കാലുകളും തല്ലിയൊടിക്കാൻ ജ്യേഷ്ഠന്റെ ക്വട്ടേഷൻ. കൊല്ലം കടയ്ക്കൽ കൊച്ചാറ്റുപുറം സ്വദേശി ജോയിയുടെ കൈകാലുകളാണ് ക്വട്ടേഷൻ സംഘം തല്ലിയൊടിച്ചത്. ക്വട്ടേഷൻ നൽകിയ ജോയിയുടെ ജ്യേഷ്ഠന്‍ ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്വട്ടേഷൻ സംഘത്തിലെ ആറ്റിങ്ങൽ സ്വദേശികളായ മൂന്നുപേർ ഒളിവിലാണ്.
അമ്മയോടൊപ്പം താമസിക്കുന്ന ജോയ് പതിവായി അമ്മയെ മർദിച്ചിരുന്നതായാണ് ജോയിയുടെ സഹോദരൻ ജോസിന്റെ പരാതി. ജോയിയെ ഒറ്റയ്ക്ക് നേരിടാൻ സാധിക്കാത്തതിനാൽ ജോസ് ക്വട്ടേഷൻ നൽകുകയായിരുന്നു.
കഴിഞ്ഞ ഏഴിനാണ് കേസിനാസ്പദമായത് നടന്നത്. രാത്രി ടിവി കണ്ടുകൊണ്ടിരുന്ന ജോയിയെ മാരകായുധങ്ങളുമായി എത്തിയവർ ആക്രമിച്ചു. വീടിന്റെ മുൻവശത്തെ കതക് വെട്ടിപ്പൊളിച്ച് അകത്തു കയറിയ സംഘം ജോയിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞതിനുശേഷം കമ്പി കൊണ്ട് ജോയിയുടെ രണ്ട് കാലുകളും ഒരു കയ്യും അടിച്ചൊടിക്കുകയായിരുന്നു. കാറിൽ രക്ഷപ്പെട്ട സംഘത്തെ സിസിടിവി ദൃശ്യങ്ങളിലൂടെ പൊലീസ് തിരിച്ചറിഞ്ഞു.