ആ പുറംതിരിഞ്ഞു നിൽക്കുന്നയാൾ ഫഹദല്ലേ; മോഹൻലാലിനോടും പൃഥ്വിയോടും ആരാധകർ

2024 നവംബർ ഒന്നിന് എമ്പുരാൻ ടീം പങ്കുവച്ച പോസ്റ്ററിനെ ചുറ്റിപ്പറ്റിയുള്ള മിസ്റ്ററി ഇതുവരെ അവസാനിച്ചിട്ടില്ല. വെള്ള ഷർട്ടിട്ട് പുറം തിരിഞ്ഞ് നിൽക്കുന്ന ഒരാൾ, ഷർട്ടിൽ ഒരു ഡ്രാഗൺ ചിത്രവും കാണാം. ആരാണ് ആ നടൻ എന്ന സോഷ്യൽ മീഡിയയുടെ അന്വേഷണം അന്നു തുടങ്ങിയതാണ്.
ബേസിൽ ജോസഫ് മുതൽ കൊറിയൻ നടൻ ഡോൺ ലീയുടെ പേരു വരെ സോഷ്യൽ മീഡിയ ഊഹിച്ചെടുത്തു. ഇപ്പോഴിതാ, ആ നടൻ ഫഹദ് ആണോ എന്നാണ് സോഷ്യൽ മീഡിയ സംശയിക്കുന്നത്.
സോഷ്യൽ മീഡിയയിൽ മോഹൻലാൽ പങ്കുവച്ച ഒരു ചിത്രമാണ്, എമ്പുരാനിൽ ഫഹദ് ഫാസിൽ ഉണ്ടോ എന്ന ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. പൃഥ്വിരാജിനും ഫഹദിനും ഒപ്പമുള്ള ഫോട്ടോയാണ് മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ‘സയിദ് മസൂദിനും രംഗക്കുമൊപ്പം’ എന്ന് ചിത്രത്തിനു ക്യാപ്ഷനും നൽകിയിരിക്കുന്നു. അതോടെയാണ് ഇനി ഫഹദാണോ എമ്പുരാനിലെ ആ മിസ്റ്ററി സ്റ്റാർ എന്ന അന്വേഷണത്തിൽ സോഷ്യൽ മീഡിയ എത്തിയത്.
എന്തായാലും ആ ചോദ്യത്തിനു ഉത്തരം ലഭിക്കാൻ മാർച്ച് 27 വരെ കാത്തിരിക്കണം. അന്നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എമ്പുരാൻ റിലീസിനെത്തുന്നത്.
ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാനിൽ, ലൂസിഫറിലുണ്ടായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവരെല്ലാം വീണ്ടും ഒത്തുച്ചേരുന്നുണ്ട്. ഒപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിവരും എമ്പുരാന്‍റെ ഭാഗമാകും എന്നാണ് റിപ്പോർട്ട്.
ലൈക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവാണ് സംഗീതം.
The post ആ പുറംതിരിഞ്ഞു നിൽക്കുന്നയാൾ ഫഹദല്ലേ; മോഹൻലാലിനോടും പൃഥ്വിയോടും ആരാധകർ appeared first on Metro Journal Online.