Local

അരീക്കോട് താലൂക്ക് ആശുപത്രിയിൽ ലാബ് ഉപകരണങ്ങൾ പ്രവർത്തനം നിലച്ചിട്ട് നാളുകളായി; മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും പരാതി നൽകാനൊരുങ്ങി നാട്ടുകാർ

അരീക്കോട് : പ്രതിദിനം ആയിരത്തിലധികം രോഗികൾ ചികിത്സയ്ക്കെത്തുന്ന അരീക്കോട് താലൂക്ക് ആശുപത്രിയിൽ ലാബ് പരിശോധനകൾ കൃത്യമായി നടക്കുന്നില്ലെന്ന് പരാതി. ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് മികച്ച സേവനം നൽകുന്നതിനുവേണ്ടി സർക്കാർ ലാബ് സൗകര്യം ഏർപ്പെടുത്തിയിരുന്നെങ്കിലും നിലവിൽ താലൂക്ക് ആശുപത്രിയിൽ ലാബിലെ പല ഉപകരണങ്ങളും പ്രവർത്തനരഹിതമാണ്.

സോഡിയം, പൊട്ടാസ്യം ഉൾപ്പെടെയുള്ളവ പരിശോധിക്കുന്നതിന് വേണ്ടി നേരത്തെ ആശുപത്രിയിൽ ലാബ് സൗകര്യം ലഭ്യമായിരുന്നു. എന്നാൽ നിലവിൽ ഈ ഉപകരണങ്ങൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. ഇത്തരം പരിശോധനകൾ ആവശ്യമായി വന്നാൽ സമീപത്തുള്ള സ്വകാര്യ ലാബുകളിൽ പോയി ഭീമമായ തുക നൽകി പരിശോധന നടത്തേണ്ടി വരുന്ന ഗതികേടിലാണ് രോഗികൾ. സോഡിയത്തിൻ്റെ അളവ് കുറഞ്ഞ് ശരീരം തളർന്ന് അവശരായി എത്തുന്ന വൃദ്ധരായ രോഗികൾ പോലും സമീപത്തെ സ്വകാര്യ ആശുപത്രികളെയും ലാബുകളെയും സമീപിക്കേണ്ട സ്ഥിതിയാണുള്ളത്.

നേരത്തെ പരിശോധനകൾക്ക് വേണ്ടി സർക്കാർ അനുവദിച്ച പണം ഉപയോഗിച്ച് വാങ്ങിയ മറ്റൊരു ഉപകരണം പ്രവർത്തിപ്പിക്കാതെ പെട്ടിയിൽ അടച്ചുവെച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ട് ചോദ്യം ചെയ്തതോടെയാണ് അധികൃതർ വേണ്ട സൗകര്യങ്ങൾ ചെയ്യാൻ തയ്യാറായത്. ഇതിന് പിന്നാലെയാണ് പ്രവർത്തനം നിലച്ച ഉപകരണങ്ങൾ അറ്റകുറ്റപ്പണികൾ നടത്താതെയും വിവരം സർക്കാരിനെ അറിയിക്കാതെയും അധികൃതർ അനാസ്ഥ തുടരുന്നതായി ആരോപണം ഉയർന്നത്.

വിഷയം ചൂണ്ടിക്കാട്ടി നിരവധി തവണ അരീക്കോട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെയും മലപ്പുറം ജില്ല മെഡിക്കൽ ഓഫീസറെയും ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. പ്രശ്നത്തിന് ശാശ്വത പരിഹാരം തേടിക്കൊണ്ട് മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി എന്നിവരെ സമീപിച്ചിരിക്കുകയാണ് നാട്ടുകാർ. സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറത്തിന്റെ നേതൃത്വത്തിൽ ഇതിനുവേണ്ട പ്രവർത്തികൾ നടന്നുവരുന്നുണ്ട്. നിലവിൽ ഇതേ വിഷയം ചൂണ്ടിക്കാട്ടി നൂറോളം പരാതികൾ അധികൃതർക്ക് സമർപ്പിച്ചതായി ഫോറം ചെയർമാൻ കെ.എം സലീം പത്തനാപുരം അരീക്കോട് ന്യൂസിനോട് പറഞ്ഞു.

See also  സോഫ്റ്റ്ബേസ്ബോൾ കേരള ടീം കോച്ചിങ്ങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button