Education

അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് 50 വിമാനത്താവളങ്ങൾ; കേരളത്തിന് രണ്ടെണ്ണം

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് 50 വിമാനത്താവളങ്ങള്‍ കൂടി വരുന്നു. രാജ്യത്തെ വിമാനത്താവള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 അധിക വിമാനത്താവളങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി സിവില്‍ ഏവിയേഷന്‍ മന്ത്രി കെ രാംമോഹന്‍ നായിഡു വ്യാഴാഴ്ച പ്രഖ്യാപിച്ചു.

കഴിഞ്ഞ ദശകത്തില്‍, ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ടെന്നും ടുത്ത 20 വര്‍ഷത്തിനുള്ളില്‍ 200 വിമാനത്താവളങ്ങള്‍ കൂടി വികസിപ്പിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.

ന്യൂഡല്‍ഹിയില്‍ എയര്‍ബസ് ഇന്ത്യ, സൗത്ത് ഏഷ്യ ആസ്ഥാനവും പരിശീലന കേന്ദ്രവും ഉദ്ഘാടനം ചെയ്യവെയാണ് നായിഡു ഇക്കാര്യം പറഞ്ഞത്. എയര്‍പോര്‍ട്ട് ഇക്കോസിസ്റ്റം വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു , അത് തൊഴിലവസരങ്ങളും വാണിജ്യ വളര്‍ച്ചയും ഉത്തേജിപ്പിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

കേരളത്തില്‍ രണ്ട്

വിവിധ സംസ്ഥാനങ്ങളില്‍ വിമാനത്താവളങ്ങള്‍ നിര്‍മിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കലും മറ്റു നടപടികളും പുരോഗമിക്കുകയാണ്. കേരളത്തില്‍ രണ്ട് വിമാനത്താവളങ്ങളാണ് സാധ്യത കല്‍പ്പിക്കുന്നത്. ഒന്ന് ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാകുമിത്. മാത്രമല്ല, ശബരിമലയിലേക്കുള്ള തീര്‍ഥാടകര്‍ക്കും നേട്ടമാകും.

കാസര്‍കോഡ് ജില്ലയിലെ ബേക്കല്‍ വിമാനത്താവളമാണ് കേരളത്തില്‍ സാധ്യതയുള്ള മറ്റൊരു എയര്‍പോര്‍ട്ട്. ഇനിയും ഏറെ കടമ്പകള്‍ മറികടക്കേണ്ടതുണ്ട് എന്നത് മറ്റൊരു കാര്യം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളാണ് നിലവില്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കേരളത്തിലുള്ളത്. ഇതിന് പുറമെ രണ്ട് വിമാനത്താവളങ്ങള്‍ കൂടി വരുന്നതോടെ മലയാളികള്‍ക്ക് ഏറെ ഉപകാരപ്രദമാകും. പ്രവാസികള്‍ക്കാകും ഇത് കൂടുതല്‍ ആശ്വാസമാകുക. നിലവില്‍ പത്തനംതിട്ടക്കാരും കോട്ടയം ജില്ലയിലുള്ളവരും തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്.

The post അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് 50 വിമാനത്താവളങ്ങൾ; കേരളത്തിന് രണ്ടെണ്ണം appeared first on Metro Journal Online.

See also  തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും

Related Articles

Back to top button