World

വെറുമൊരു മോഷ്ടാവിനെ കള്ളനെന്നു വിളിക്കാമോ; ചാറ്റ് ജിപിറ്റിയെ കോടതി കയറ്റാൻ മസ്ക്

വെറുമൊരു മോഷ്ടാവായോരെന്നെ

കള്ളനെന്നു വിളിച്ചില്ലേ, താൻ കള്ളനെന്നു വിളിച്ചില്ലേ?

അയ്യപ്പപ്പണിക്കരുടെ ‘മോഷണം’ എന്ന കവിത ഇങ്ങനെ തുടങ്ങുന്നു (മോഹൻലാലിന്‍റെ വീണപൂവ് പോലെയല്ല, ശരിക്കും).

ഏതാണ്ട് ഇതേ അവസ്ഥയിലാണിപ്പോൾ ചാറ്റ് ജിപിറ്റി. ജെമിനിയുടെ കുതിച്ചുകയറ്റത്തോടെ വലിയ ക്ഷീണത്തിലാണ്. അതിനു പിന്നാലെയാണ് മോഷണ ആരോപണം. അതുന്നയിക്കുന്നതാകട്ടെ, സാക്ഷാൽ ഇലോൺ മസ്ക്!

മസ്ക് തുനിഞ്ഞിറങ്ങിയാൽ പിന്നെ രണ്ടിലൊന്നറിഞ്ഞിട്ടേ തിരിച്ചുക‍യറൂ. ട്വിറ്ററിനെ തോൽപ്പിക്കാനിറങ്ങി ഒടുക്കം അതു വിലയ്ക്കു വാങ്ങി എക്സ് എന്നു പേരും മാറ്റിയ മുതലാണ്. ചാറ്റ് ജിപിറ്റിക്ക് പണ്ടു വില പറഞ്ഞപ്പോൾ, ഉടമകളായ ഓപ്പൺ എഐ പുല്ലുവില കൊടുത്തില്ല. അതിന്‍റെ ചൊരുക്കും കൂടിയുണ്ടാവും. ഏതായാലും ചാറ്റ് ജിപിറ്റിക്കുള്ള പണി മസ്ക് തുടങ്ങിക്കഴിഞ്ഞു.

ഓപ്പൺ എഐക്കെതിരേ കാലിഫോർണിയ ഫെഡറൽ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് ഇലോൺ മസ്കിന്‍റെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംരംഭമായ എക്സ് എഐ. ചാറ്റ് ജിപിറ്റി അധികൃതർ വാണിജ്യ രഹസ്യങ്ങൾ മോഷ്ടിക്കുന്നുവെന്നാണ് ആരോപണം.

എക്സ് എഐയിലുണ്ടായിരുന്ന മുൻ ജീവനക്കാരെ ഓപ്പൺ എഐയിൽ റിക്രൂട്ട് ചെയ്യുകയും, അവരെ ഉപയോഗിച്ച്, എക്സ് എഐയുടെ ചാറ്റ് ബോട്ടായ ഗ്രോക്കിനെ സംബന്ധിച്ച വിവരങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നാണ് പരാതി.

എക്സ് എഐയിലെ മുൻ എൻജിനീയർമാരായ ഷൂചെൻ ലീ, ജിമ്മി ഫ്രെയ്ചർ എന്നിവരുടെ പേരും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എക്സ് എഐയുടെ അഭിഭാഷകൻ ജൂലൈയിൽ അയച്ച ഇമെയിൽ സന്ദേശവും തെളിവായി ഹാജരാക്കുന്നു. രഹസ്യ കരാർ ലംഘിച്ചതായി ഇമെയിലിൽ മുൻ ജീവനക്കാരനോടു പറയുമ്പോൾ, അശ്ലീല വാക്കാണ് മറുപടിയായി ലഭിച്ചത്.

പുതിയ പ്ലാറ്റ്‌ഫോമുകളെ ചവിട്ടിത്താഴ്ത്താൻ ആപ്പിൾ കമ്പനിയും ഓപ്പൺ എഐയും കൂടി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ആപ്പിളിനെതിരെയും മസ്ക് നേരത്തെ കേസ് കൊടുത്തിരുന്നു. എന്നാൽ, ഇതുവരെ മൈൻഡ് ചെയ്തിട്ടില്ല.

See also  ഫ്ലൂ വാക്സിനുകളിൽ നിന്ന് വിവാദപരമായ ഘടകം നീക്കം ചെയ്യാൻ അംഗീകാരം നൽകി റോബർട്ട് എഫ്. കെന്നഡി ജൂനിയർ

Related Articles

Back to top button