Kerala

വടകര എംഡിഎംഎ കേസ്; അധ്യാപിക കീർത്തനയുടെ അക്കൗണ്ടിൽ 5 മാസം കൊണ്ട് 15 ലക്ഷം രൂപയുടെ ഇടപാട്

വടകര എംഡിഎംഎ കേസിൽ പ്രതിയായ അധ്യാപിക കീർത്തനയുടെ അക്കൗണ്ടിൽ അഞ്ച് മാസം കൊണ്ട് നടന്നത് 15 ലക്ഷത്തിന്റെ സാമ്പത്തിക ഇടപാടെന്ന് പൊലീസ്. അക്കൗണ്ടിൽ മൈനസ് ബാലൻസാണെന്ന കീർത്തനയുടെ വാദം ബാങ്ക് രേഖകൾ നിരത്തിയാണ് പൊലീസ് പൊളിച്ചത്.

പൊലീസ് കസ്റ്റഡിയിലെ ചോദ്യം ചെയ്യലിലും കീർത്തന നിസഹകരണം തുടർന്നതായാണ് വിവരം. ലഹരി ഇടപാടിലൂടെ അക്കൗണ്ടിലെത്തിയ 15 ലക്ഷം രൂപയിൽ കമ്മീഷൻ തുക കിഴിച്ച് ബാക്കി തുക കേസിലെ അഞ്ചാം പ്രതി ജിജിൽ കുര്യാക്കോസിന് കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ജിജിൽ കുര്യാക്കോസിന്റെ അക്കൗണ്ട് വഴി ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഒരു കോടിയോളം രൂപയുടെ ഇടപാട് നടന്നതായും പൊലീസ് കണ്ടെത്തി. പ്രതികൾ പരസ്പരം സാമ്പത്തിക ഇടപാടുകൾ നടത്തിയതായും അന്വേഷണ സംഘം വ്യക്തമാക്കി.

അഞ്ച് പ്രതികളെയും ഒരുമിച്ച് കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഇതിന് മുന്നോടിയായി ലഹരി സംഘത്തിന്റെ ഇതര സംസ്ഥാന ബന്ധങ്ങളും അന്വേഷിക്കും. ബെംഗളൂരു, മംഗളൂരു മേഖലകളിലും അന്വേഷണം തുടരുകയാണ്.

അതേസമയം, അധ്യാപികമാർ ഉൾപ്പെട്ട ലഹരി മാഫിയ സംഘം കുട്ടികളെ ലഹരി ഇടപാടിനായി ഉപയോഗിച്ചതായി നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസിലെ പ്രധാന പ്രതിയായ വയനാട് സ്വദേശിക്കായുള്ള അന്വേഷണവും തുടരുകയാണ്

See also  എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ ആനന്ദ പണിക്കരെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

Related Articles

Back to top button