കുട്ടിക്ക് 5 വയസിൽ താഴെയാണോ? മറക്കേണ്ട, സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. പോളിയോ നിർമ്മാജ്ജം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ആണിത്. ഇതിന്റെ ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. അഞ്ച് വയസിന് താഴെയുളള കുഞ്ഞുങ്ങൾക്കെല്ലാം ഓരോ ഡോസ് തുള്ളിമരുന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും രക്ഷാകർത്താക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ ജൂൺ 28 ഞായറാഴ്ച രാവിലെ 8 നാണ് ഉദ്ഘാടനം. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കും, ഡോ. ശശി തരൂർ എം.പി, തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്ത് അഞ്ചുവയസ്സിനു താഴെയുളള 19,80,224 കുട്ടികൾക്കാണ് നാളെ തുള്ളിമരുന്ന് നൽകുന്നത്. ഇതിനായി 22,288 ബൂത്തുകൾ സജീകരിച്ചിട്ടുണ്ട്. 46,663 സന്നദ്ധപ്രവർത്തകരെയാണ് തുള്ളിമരുന്ന് നൽകാനായി പരിശീലനം നൽകി നിയോഗിച്ചിരിക്കുന്നത്. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ സൗകര്യപ്രദമായ സ്ഥലങ്ങളിലാണ് പോളിയോ കൊടുക്കാനുള്ള ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നത്.
യാത്രാവേളയിൽ കുഞ്ഞുങ്ങൾക്ക് വാക്സിൻ നകുന്നതിനായി 539 ട്രാൻസിറ്റ് ബൂത്തുകൾ, 283 മൊബൈൽ ബൂത്തുകൾ, 9 ഉത്സവ/ മേളകളിലെ ബൂത്തുകൾ എന്നിവയും ക്രമീകരിക്കുന്നുണ്ട്. റെയിൽവെ സ്റ്റേഷൻ, ബസ്സ്റ്റാൻറ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാണ് ട്രാൻസിറ്റ് ബൂത്തുകൾ ഒരുക്കുന്നത്. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ദുർഘട പ്രദേശങ്ങൾ, ഉത്സവസ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ മൊബൈൽ ബൂത്തുകളും പ്രവർത്തിക്കും.



