പണി മുടക്കിയാൽ ശമ്പളം പോകും; ഡയസ്‌നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി

നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി. ഡ്യൂട്ടിയ്ക്ക് എത്താത്തവരുടെ ശമ്പളം റദ്ദാക്കും. ക്രമസമാധാന പ്രശ്‌നം ഉണ്ടായാൽ പോലീസിനെ അറിയിക്കാനും കെഎസ്ആർടിസി സിഎംഡിയുടെ ഉത്തരവിൽ പറയുന്നു. നാളെ നടക്കുന്ന പണിമുടക്ക് കെഎസ്ആർടിസിയെ ബാധിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ട്രേഡ് യൂണിയനും നോട്ടീസ് നൽകിയിട്ടില്ലെന്നും നേരത്തെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞിരുന്നു.
പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും വിവിധ മേഖലാ അസോസിയേഷനുകളും ഫെഡറേഷനുകളും ഉൾപ്പെട്ട സംയുക്ത വേദിയാണ് നാളെ ദേശീയ പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 25 കോടിയിലധികം പേർ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് തൊഴിലാളി സംഘനകൾ പറയുന്നത്.
കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ തൊഴിൽ ചട്ടങ്ങൾ പിൻവലിക്കുക, തൊഴിലാളികളുടെ വേതനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
കർഷകസംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻമോർച്ചയും കർഷക തൊഴിലാളി സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടത് പാർട്ടികളും, ആർ ജെഡിയും പണിമുടക്ക് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തു.
The post പണി മുടക്കിയാൽ ശമ്പളം പോകും; ഡയസ്‌നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി appeared first on Metro Journal Online.