Kerala

പത്തനംതിട്ടയിൽ 2 ദിവസം പ്രായമായ നവജാത ശിശു പറമ്പിൽ മരിച്ച നിലയിൽ

പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21 കാരി പ്രസവിച്ച കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആൾതാമസം ഇല്ലാത്ത അയൽ വീട്ടിലെ പറമ്പിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിൻ്റെ അമ്മ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആശുപത്രി അധികൃതർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പൊലീസ് ആണ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

 

എന്നാൽ വീട്ടിലേക്ക് പൊലീസ് വന്നപ്പോഴാണ് കുഞ്ഞിന്റെ വിവരം അറിഞ്ഞതെന്ന് 21 കാരിയുടെ മുത്തശ്ശി പറഞ്ഞു. അസുഖമാണെന്ന് പറഞ്ഞ് ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോയതാണ് പെൺകുട്ടി, മറ്റൊരു വിവരങ്ങളും അറിയില്ലെന്നും മുത്തശ്ശി പറഞ്ഞു. 21 കാരി ഗർഭിണിയായി വിവരം അറിയില്ല എന്നാണ് പ്രദേശത്തെ ആശാപ്രവർത്തകർ പറയുന്നത്. ബി എ ബിരുദധാരിയായ പെൺകുട്ടിയും ഏറെനാളായി വീട്ടിലാണ്. എന്നാൽ പെൺകുട്ടി ഗർഭിണിയായിരുന്നു എന്ന കാര്യം അറിയില്ല എന്നാണ് 21 കാരിയുടെ മുത്തശ്ശി പറയുന്നത്. പെൺകുഞ്ഞാണ് മരിച്ചതെന്ന് ആരോഗ്യ പ്രവർത്തകരെത്തി സ്ഥിരീകരിച്ചു.

ഫോറൻസിക് സ്ഥലത്തെത്തി പരിശോധന നടത്തി. പെൺകുട്ടിയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ആശുപത്രിയിൽ ചികിത്സയുള്ള 21 കാരിയെയും പൊലീസ് ഉടൻ ചോദ്യം ചെയ്യും.

അതേസമയം, കുഞ്ഞിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക് എത്തിയതിന് ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരൂ. പൊലീസ് അന്വേഷണം ആരംഭിച്ചു.

See also  സയണിസ്റ്റുകളും ആർഎസ്എസും ഇരട്ട പെറ്റ സഹോദരങ്ങൾ; ആർഎസ്എസ് ഭീകരപ്രവർത്തനങ്ങൾക്കൊപ്പം: മുഖ്യമന്ത്രി

Related Articles

Back to top button