രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ; സർവീസിൽ നിന്ന് പിരിച്ചുവിടാൻ കലക്ടറുടെ ശുപാർശ

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിൽ തിരുവല്ല സ്വദേശിനിയായ നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രനെതിരെയാണ് നടപടി. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രഭാകരൻ നായർ നൽകിയ പരാതിയിലാണ് അറസ്റ്റ്. പവിത്രനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രതി ഓഫിസിൽ എത്തിയത് മദ്യപിച്ചിട്ടാണെന്നും പോലീസ് പറയുന്നു. വൈദ്യ പരിശോധനയിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്.
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവർക്കുള്ള അനുശോചന പോസ്റ്റിനു താഴെയാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ചുമതല വഹിക്കുന്ന ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രന്റെ മോശം പരാമർശം. അപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയെ അപകീർത്തിപെടുത്തും വിധം ആയിരുന്നു പവിത്രന്റെ കമന്റ്. പവിത്രനെ ജോലിയിൽ നിന്ന് നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
പവിത്രനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ സർക്കാരിന് ശുപാർശ നൽകി. നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നൽകിയിട്ടും നടപടികൾക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സർക്കാരിനും അപകീർത്തിയുണ്ടാക്കുന്ന പ്രവർത്തികൾ ആവർത്തിക്കുന്നതിനാൽ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നാണ് കലക്ടറുടെ ശുപാർശ
The post രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ; സർവീസിൽ നിന്ന് പിരിച്ചുവിടാൻ കലക്ടറുടെ ശുപാർശ appeared first on Metro Journal Online.