അഹമ്മദാബാദ് വിമാനാപകടം: ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഒരാള്‍ എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. രമേശ് വിസ്വാഷ് കുമാറാണ് രക്ഷപെട്ടതെന്നാണ് റിപ്പോർട്ട്. ഇന്ത്യക്കാരനായ ബ്രിട്ടീഷ് പൗരനാണ് രമേശ് വിസ്വാഷ്. 11 എ സീറ്റിലെ യാത്രക്കാരനായിരുന്നു രമേശ് വിസ്വാഷ്. അഹമ്മദാബാദ് പൊലീസ് ഈ വിവരം സ്ഥിരീകരിച്ചതായാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. സഹോദരനൊപ്പം ലണ്ടനിലേയ്ക്ക് പോകുകയായിരുന്നു താനെന്ന് രമേശ് വിസ്വാഷ് മാധ്യമങ്ങളോട് പ്രതികരിച്ചതായി റിപ്പോർട്ട് ഉണ്ട്. എല്ലാം പെട്ടെന്ന് സംഭവിച്ചുവെന്നും 30 സെക്കൻഡിനുള്ളിൽ വിമാനം തകർന്നെന്നും രമേശിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുറത്തേയ്ക്ക് തെറിച്ച് വീണെന്നും ചുറ്റും കണ്ടത് മൃതദേഹങ്ങളായിരുന്നുവെന്നും രമേശ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എമർജൻസി എക്സിറ്റ് വഴി തെറിച്ച് വീണ രമേശിനെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. വലിയ പരിക്കുകളില്ലാത്ത രമേശ് നടന്ന് നീങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അഹമ്മദാബാദിലെ അസർവയിലെ സിവിൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ് രമേശ് വിസ്വാഷ്. നേരത്തെ അപകടത്തിൽ എല്ലാവരും കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ട്.
ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ പറന്നുയർന്ന വിമാനമാണ് നിമിഷങ്ങള്‍ക്കുളളില്‍ തകർന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നു.
ഡിജിസിഎ സ്ഥിരീകരിച്ച വിവരപ്രകാരം അഹമ്മദാബാദ് വിമാനത്താവളത്തിലെ റൺവെ 23ൽ നിന്ന് 1.39നായിരുന്നു വിമാനം പറന്നുയർന്നത്. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് മെയ്ഡേ കോൾ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിൽപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയത് ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റലിലേക്കാണ് ഇടിച്ചിറങ്ങിയത്. ഹോസ്റ്റലിലെ കാന്റീനുളള ഭാഗത്തേക്ക് വിമാനം ഇടിച്ചിറങ്ങിയതോടെ ഹോസ്റ്റലിൽ ഉണ്ടായിരുന്ന ചിലർ മരിച്ചതായി അഹമ്മദാബാദ് പൊലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കൃത്യമായ എണ്ണം സംബന്ധിച്ച് സ്ഥിരീകരണമില്ല. എട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഗുജറാത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചതായാണ് ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ സ്ഥിരീകരിക്കുന്നത്.
The post അഹമ്മദാബാദ് വിമാനാപകടം: ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു appeared first on Metro Journal Online.