Kerala

മധുര ഐടിഐയിൽ റാഗിംഗ്; ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്ത മൂന്ന് സീനിയർ വിദ്യാർഥികൾ പിടിയിൽ

തമിഴ്‌നാട്ടിലെ മധുര തിരുമംഗലം ഐ.ടി.ഐയിൽ ഒന്നാം വർഷ വിദ്യാർഥിക്ക് നേരെ ക്രൂരമായ റാഗിംഗ് പീഡനം. മൂന്ന് സീനിയർ വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിൽ ഹോസ്റ്റൽ വാർഡനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 18ന് നടന്ന സംഭവം മറ്റൊരു വിദ്യാർഥി പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പുറംലോകം അറിയുന്നത്.

കോളേജ് ഹോസ്റ്റൽ മുറിയിൽ വെച്ച് ഒന്നാം വർഷ വിദ്യാർഥിയെ മൂന്ന് സീനിയർ വിദ്യാർഥികൾ ചേർന്ന് നഗ്‌നനാക്കി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. വിദ്യാർഥിയുടെ സ്വകാര്യ ഭാഗങ്ങളിൽ ചെരുപ്പുകൊണ്ട് അടിക്കുന്നതുൾപ്പെടെയുള്ള പീഡനങ്ങൾ വീഡിയോയിൽ വ്യക്തമാണ്.

സംഭവം പുറത്തായതിനെ തുടർന്ന് പീഡനത്തിനിരയായ വിദ്യാർഥിയുടെ പിതാവ് പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് മൂന്ന് സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഹോസ്റ്റലിൽ റാഗിംഗ് പതിവായി നടന്നിരുന്നതായും മറ്റ് വിദ്യാർഥികൾ വെളിപ്പെടുത്തിയിട്ടുണ്ട്.
 

See also  ആർഎസ്എസിന്റെ ഭാരതാംബക്ക് മുന്നിൽ വിളക്ക് കൊളുത്തി; പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സിപിഎം

Related Articles

Back to top button