Kerala

ശബരിമലയിലെ സ്വർണ മോഷണം; അന്വേഷണത്തിന് ഇ.ഡിയും: പ്രാഥമിക അന്വേഷണം ആരംഭിച്ചു

ശബരിമലയിലെ സ്വർണ മോഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ അന്വേഷണത്തിനൊരുങ്ങി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും. കേസിൽ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് ഇ ഡി ഇസിഐആർ രജിസ്റ്റർ ചെയ്യും. സാമ്പത്തിക ഇടപാടുകൾ, പണപ്പിരിവ്, കള്ളപ്പണ ഇടപാടുകൾ എന്നിവയെപ്പറ്റിയും ഇഡി അന്വേഷിക്കും.

പ്രത്യേക അന്വേഷണസംഘത്തിൻ്റെ എഫ്‌ഐആർ പകർപ്പ് ഇഡി ആവശ്യപ്പെടും. എസ്ഐടി റിപ്പോർട്ട് സമർപ്പിച്ച ശേഷമാകും ഇഡി തുടർനടപടികളെടുക്കുക. അതേസമയം ശബരിമലയിലെ സ്വർണ മോഷണത്തിൽ ഉദ്യോഗസ്ഥ വീഴ്ച അക്കമിട്ട് നിരത്തി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. സ്വര്‍ണം പൂശിയ ശില്പം കൊണ്ട് അന്യായമായി ലാഭമുണ്ടാക്കിയെന്നും സ്വര്‍ണക്കൊള്ള ദേവസ്വം ബോര്‍ഡ് അറിഞ്ഞില്ല എന്ന് കരുതാന്‍ കഴിയില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ നിരത്തിയാണ് അന്വേഷണ റിപ്പോര്‍ട്ട്. 2019 ലെ ദേവസ്വം ബോര്‍ഡിനെയടക്കം സംശയിച്ചുകൊണ്ടാണ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സ്വർണ മാറ്റത്തിന് ബോര്‍ഡ് അധികാരികളുടെ പ്രേരണയോ സമ്മര്‍ദമോ നിര്‍ദേശമോ ഉണ്ടായിരുന്നോ എന്നത് ഗൗരവമായി അന്വേഷിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതിക്ക് സമര്‍പ്പിച്ച ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

See also  കൊല്ലം ഓയൂരിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

Related Articles

Back to top button