കട്ടിപ്പാറ ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റിലെ സംഘർഷം; 28 പേരെ കൂടി കേസിൽ പ്രതി ചേർത്തു

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ ഫ്രഷ് കട്ട് സംഘർഷത്തിൽ വീണ്ടും കേസ്. സ്ഥാപനത്തിലെ ജീവനക്കാരൻ രാജിന്റെ പരാതിയിൽ സമരസമിതി പ്രവർത്തകരായ 28 പേരെ പ്രതി ചേർത്താണ് കേസെടുത്തത്. കമ്പി വടികളും മാരകായുധങ്ങളും ഉപയോഗിച്ച് ജീവനക്കാരെ വധിക്കാൻ ശ്രമിച്ചുവെന്നാണ് എഫ്ഐആർ. പരുക്കേറ്റ രാജിൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഫ്രഷ് കട്ട് സമരത്തിൽ 6 എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ പ്രതി പട്ടികയിൽ ഉള്ളവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് താമരശ്ശേരി പോലീസ്. താമരശ്ശേരി കരിമ്പാലൻകുന്നിലെ വീട്ടുകളിൽ പ്രതികളെ തെരഞ്ഞുള്ള അന്വേഷണത്തിന്റെ ഭാഗമായി വ്യാപക റെയ്ഡ് നടന്നു.
ഇന്നലെ അർധരാത്രിയിലാണ് റെയ്ഡ് നടന്നത്. 300 ൽ അധികം പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് ശേഖരിച്ച മറ്റു ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.