തൃശ്ശൂരിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് തിരികെ വീട്ടിലെത്തി ജീവനൊടുക്കിയ നിലയിൽ

തൃശ്ശൂർ കുറ്റിച്ചിറയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് തിരികെ വീട്ടിലെത്തി ജീവനൊടുക്കി. കുറ്റിച്ചിറ ചെമ്പൻകുന്ന് വടക്കേക്കര വീട്ടിൽ ജോർജിന്റെയും മേരിയുടെയും മകൻ ലിന്റോയാണ്(41) മരിച്ചത്. കുറ്റിച്ചിറയിൽ വടിവാൾ കൊണ്ട് യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസുമായി ബന്ധപ്പെട്ട കേസിലാണ് ലിന്റോയെ പോലീസ് കസ്റ്റഡിയിലെടുത്തത്
പോലീസിന്റെ മാനസിക പീഡനത്തെ തുടർന്നാണ് മകൻ ജീവനൊടുക്കിയതെന്ന് മാതാപിതാക്കൾ ആരോപിച്ചു. പോലീസിന്റെ ഭാഗത്ത് നിന്ന് സമ്മർദമുണ്ടാകുന്നുവെന്നും പേടിയാകുന്നുവെന്നും ലിന്റോ സുഹൃത്തിനോട് പറഞ്ഞിരുന്നു. ഒക്ടോബർ 13ന് രാത്രി ഒമ്പത് മണിയോടെയാണ് ലിന്റോയെ പോലീസ് കൂട്ടിക്കൊണ്ടു പോയത്
വെട്ടുകേസുമായി ബന്ധപ്പെട്ട് കാര്യം ചോദിച്ച് മനസ്സിലാക്കാനുണ്ടെന്നും പ്രതിയുടെ വീട് കാണിച്ച് തരുമോ എന്നും ചോദിച്ചായിരുന്നു ലിന്റോയെ കൂട്ടിക്കൊണ്ടുപോയത്. രാത്രി ഒന്നേ കാലോടെയാണ് ലിന്റെ തിരികെ വന്നത്. ഇതിന് ശേഷം വലിയ മാനസിക സമ്മർദത്തിലായിരുന്നു.
പ്രതിയെ കാണിച്ച് കൊടുത്തത് ലിന്റോ ആണെന്ന ഭീഷണി ചിലരുടെ ഭാഗത്ത് നിന്നുണ്ടായതായും പറയുന്നു. അതേസമയം അന്വേഷണം നടത്താമെന്ന് ഡിവൈഎസ്പി ഉറപ്പ് നൽകിയില്ലെങ്കിൽ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പറഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു. ഒടുവിൽ ഡിവൈഎസ്പി അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകിയതോടെയാണ് പോസ്റ്റ്‌മോർട്ടം നടത്താൻ നാട്ടുകാർ സമ്മതിച്ചത്. സംസ്‌കാരം നാളെ നടക്കും.