പോലീസ് കുറ്റപത്രം സമർപ്പിച്ചു, ഐ സി ബാലകൃഷ്ണൻ ഒന്നാം പ്രതി

വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട ആത്മഹത്യാപ്രേരണ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഐ സി ബാലകൃഷ്ണൻ എംഎൽഎയാണ് ഒന്നാം പ്രതി. വയനാട് ഡിസിസി മുൻ പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, മുൻ ട്രഷറർ കെ കെ ഗോപിനാഥൻ എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ
കേസിൽ നേരത്തെ അറസ്റ്റിലായ മൂന്ന് പ്രതികൾക്കും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ബത്തേരി ഡി വൈ എസ് പി കുറ്റപത്രം സമർപ്പിച്ചത്. സഹകരണ ബാങ്കുകളിലെ നിയമന കോഴയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് എൻ എം വിജയന്റെയും മകന്റെയും മരണത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു
നിയമനക്കോഴയുമായി ബന്ധപ്പെട്ട വിജിലൻസ് കേസിലും ഐ സി ബാലകൃഷ്ണൻ ഒന്നാം പ്രതിയാണ്. 2024 ഡിസംബർ 24നാണ് വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ കണ്ടത്. ചികിത്സയിലിരിക്കെ ഡിസംബർ 27ന് ഇരുവരും മരിച്ചു.