Kerala

കുണ്ടറ സിപിഐയിലെ വിഭാഗീയത; നേതാക്കളടക്കം 325 പേർ രാജിവെച്ച് സിപിഎമ്മിലേക്ക്

കൊല്ലം കുണ്ടറയിൽ വിഭാഗീയ പ്രശ്‌നങ്ങളെ തുടർന്ന് സിപിഐയിൽ നിന്ന് രാജിവെച്ച നേതാക്കളടക്കം 325 പേർ സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഐ സംസ്ഥാന നേതൃത്വത്തെ പോലും ധിക്കരിക്കുന്ന ജില്ലാ സെക്രട്ടറി പിഎസ് സുപാലിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് നീക്കം. ഏപ്രിലിൽ നടന്ന മണ്ഡലം സമ്മേളനത്തോടെയാണ് കുണ്ടറ സിപിഐയിൽ വിഭാഗീയത രൂക്ഷമായത്

മണ്ഡലം സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം തുടങ്ങിയത്. നിലവിലെ സെക്രട്ടറി ടി സുരേഷ് കുമാറിന് പകരം നേരത്തെ എട്ട് തവണ സെക്രട്ടറിയായ ആർ സേതുനാഥിന്റെ പേര് ജില്ലാ നേതൃത്വം നിർദേശിച്ചു. 25 അംഗ കമ്മിറ്റിയിലെ 14 പേരും ഇതിനെ എതിർത്തു. പത്ത് പേർ മാത്രമാണ് അനുകൂലിച്ചത്

എന്നാൽ ഭൂരിപക്ഷ തീരുമാനം മാനിക്കാതെ സേതുനാഥിനെ തന്നെ സെക്രട്ടറിയായി ജില്ലാ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. അച്ചടക്ക ലംഘനം ആരോപിച്ച് സുരേഷ് കുമാർ അടക്കം രണ്ട് ജില്ലാ കൗൺസിൽ അംഗങ്ങളെയും ഒരു മണ്ഡലം കമ്മിറ്റി അംഗത്തെയും സസ്‌പെൻഡ് ചെയ്തു. 

പിന്നീട് കൺട്രോൾ കമ്മീഷൻ സസ്‌പെൻഷൻ റദ്ദാക്കുകയും സേതുനാഥിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനും നിർദേശിച്ചു. എന്നാൽ ജില്ലാ സെക്രട്ടറി പിഎസ് സുപാൽ ഇത് നടപ്പാക്കിയില്ല. ഇതിൽ പ്രതിഷേധിച്ചായിരുന്നു നേതാക്കളടക്കം പാർട്ടിയിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേരുന്നത്.
 

See also  മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button